
ഗുജറാത്ത് വംശഹത്യ അന്വേഷിച്ച ജസ്റ്റിസ് നാനാവതി അന്തരിച്ചു
|1984 ലെ സിഖ് വിരുദ്ധ കലാപം, 2002 ലെ ഗുജറാത്ത് വംശഹത്യ തുടങ്ങിയവയുടെ അന്വേഷണ കമ്മീഷന് നേതൃത്വം നൽകിയ ജസ്റ്റിസ് നാനാവതി അന്തരിച്ചു. അഹമ്മദാബാദിലെ തന്റെ വസതിയിൽ ഇന്ന് രാവിലെയാണ് 86 കാരനായ ജസ്റ്റിസ് നാനാവതിയുടെ അന്ത്യം.
2002 ലെ ഗോധ്രയിലെ ട്രെയിൻ തീവെപ്പും പിന്നീട് നടന്ന ഗുജറാത്ത് വംശഹത്യയും നാനാവതി അന്വേഷിച്ചത് ജസ്റ്റിസ് അക്ഷയ് മേഹ്ത്തക്കൊപ്പമായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാരാണ് രണ്ടംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. കലാപ സമയത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിക്കും മന്ത്രിസഭാംഗങ്ങൾക്കും പൊലീസിനും കമീഷൻ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
2000ൽ എൻ.ഡി.എ സർക്കാറാണ് 1984 ലെ സിഖ് കൂട്ടക്കൊല അന്വേഷിക്കാൻ നാനാവതിയെ നിയോഗിച്ചത്. കോൺഗ്രസ് നേതാക്കളായിരുന്ന സജ്ജൻകുമാറിനും ജഗദീഷ് ടൈറ്റ്ലർക്കുമെതിരെ റിപ്പോർട്ടിൽ ഗുരുതരമായ കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു.
1958 ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത നാനാവതി 1994 ജനുവരിയിൽ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. പിന്നീട് ഇതേവർഷം കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റം. 1995 മാർച്ചിലാണ് നാനാവതി സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. 2000 ൽ വിരമിച്ചു.
Summary : Justice Nanavati, who headed Gujarat riots panel, passes away