
'എന്റെ റസ്റ്റോറന്റിൽ നടന്നത് വെറും 50 രൂപയുടെ കച്ചവടം, ശമ്പളം നൽകുന്നത് 15 ലക്ഷം': ദുരന്തബാധിതരോട് സ്വന്തം കഷ്ടപ്പാട് പറഞ്ഞ് കങ്കണ
|ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വൈകിയതിൽ ജനങ്ങൾ പ്രതിഷേധം അറിയിച്ചപ്പോഴായിരുന്നു കങ്കണയുടെ പ്രതികരണം
ഷിംല: ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ട ദുരിതബാധിതരെ സന്ദർശിക്കുന്നതിനിടെ സ്വന്തം കഷ്ടപ്പാട് പറഞ്ഞ് എംപിയും നടിയുമായ കങ്കണ റണാവത്ത്. മണാലിയിലുള്ള തന്‍റെ റെസ്റ്റോറന്‍റിലെ സാമ്പത്തിക പ്രയാസത്തെ കുറിച്ചാണ് കങ്കണ പറഞ്ഞത്.
ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വൈകിയതിൽ ജനങ്ങൾ പ്രതിഷേധം അറിയിച്ചപ്പോഴായിരുന്നു കങ്കണയുടെ പ്രതികരണം. ഇന്നലെ എന്റെ റസ്റ്ററന്റിൽ വെറും 50 രൂപയുടെ വിൽപ്പന മാത്രമാണ് നടന്നത്, എന്നാൽ ഞാൻ 15 ലക്ഷം രൂപയാണു ശമ്പളമായി മുടക്കുന്നത്. എന്റെ വേദനയും ദയവായി മനസ്സിലാക്കുക. ഞാനും ഒരു ഹിമാചൽ പ്രദേശ് കാരിയാണ്, ഈ സ്ഥലത്തെ താമസക്കാരിയാണെന്ന് കങ്കണ പറഞ്ഞു.
കനത്ത മഴയും ഉരുൾപൊട്ടലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും മൂലം ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ ദുരിതത്തിൽ ജീവിതം വഴിമുട്ടിയ ജനതയോടാണ് കങ്കണ റണാവത്ത് സ്വന്തം സങ്കടം പറഞ്ഞത്.
ഈ വർഷം ആദ്യമാണ് കങ്കണ മണാലിയിൽ 'ദി മൗണ്ടൻ സ്റ്റോറി' എന്ന റസ്റ്റോറന്റ് ആരംഭിച്ചത്. ഹിമാചൽ വിഭവങ്ങളാ് ഇവിടെ പ്രധാനമായും വിളമ്പുന്നത്. വിനോദസഞ്ചാരത്തെ ആശ്രയിച്ച് നിൽക്കുന്ന പ്രദേശമായതിനാൽ മഴയും മണ്ണിടിച്ചിലും റെസ്റ്റോറന്‍റിന്‍റെ പ്രവർത്തനത്തെ ബാധിച്ചു എന്നാണ് കങ്കണ പറയുന്നത്.
മഴക്കെടുതിയിൽ ഇതുവരെ 419 പേരാണ് ഹിമാചൽ പ്രദേശിൽ മരിച്ചത്. 52 പേർ മണ്ണിടിച്ചിലിലും, 45 പേർ കുത്തനെയുള്ള ചരിവുകളിൽ നിന്ന് വീണും 17 പേർ മേഘവിസ്ഫോടനത്തിലും, 11 പേർ മിന്നൽ പ്രളയത്തിലും മരിച്ചു. സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.