< Back
India
പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പുഴയിലൊഴുക്കി
India

പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പുഴയിലൊഴുക്കി

Web Desk
|
21 Sept 2025 4:35 PM IST

സ്യൂട്ട് കേസിനൊപ്പമുള്ള ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു

ലഖ്‌നൗ: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പുഴയില്‍ ഒഴുക്കി യുവാവ്. കാണ്‍പൂരിലും ഉത്തര്‍ പ്രദേശിലുമായി യമുനാ നദിയില്‍ തെരച്ചില്‍ ആരംഭിച്ച് പൊലീസ്. കറുത്ത സ്യൂട്ട് കേസിലാക്കിയ മൃതദേഹം 100 കിലോമീറ്ററോളം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് യമുനയില്‍ തള്ളിയത്.

നദീതീരത്ത് വെച്ച് പ്രതി സ്യൂട്ട് കേസിന് ഒപ്പമുള്ള സെല്‍ഫിയെടുക്കുകയും പിന്നീട് ഇത് വാട്‌സാപ്പില്‍ സ്റ്റാറ്റാസാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. 20 വയസുകാരിയായ ആകാന്‍ഷ എന്ന പെണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്.

ജൂലൈ 22 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ശനിയാഴ്ച തന്നെ പ്രതിയായ സൂരജ് കുമാര്‍ ഉത്തമിനെ കാണ്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂരജ് കുമാറിനൊപ്പം സുഹൃത്തായ ആശിഷ് കുമാറും പൊലീസിന്റെ പിടിയിലാണ്.

മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് ആശിഷ് കുമാറാണെന്നാണ് കണ്ടെത്തല്‍. സ്യൂട്ട് കേസിലെ മൃതദേഹത്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി ഇലക്ട്രീഷനാണെന്നും പെണ്‍കുട്ടിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെയാണെന്നും പൊലീസ് വ്യക്തമാക്കി.

' പ്രതിയെ പിടികൂടിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പെണ്‍കുട്ടിയെ കാണാതായത് മുതലുള്ള പ്രതിയുടെ ഫോണ്‍ രേഖകളും ലോക്കേഷനുകളും ശേഖരിച്ചതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്. അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കൂടാതെ സ്യൂട്ട് കേസിന് ഒപ്പം നില്‍ക്കുന്ന ഫോട്ടോയും ഞങ്ങള്‍ക്ക് ലഭിച്ചു,' എസ് എച്ച് ഒ രാജീവ് സിങ് പറഞ്ഞു.

പെണ്‍കുട്ടിയും പ്രതിയും കുറച്ച് കാലങ്ങളായി ഒരുമിച്ചാണ് താമസം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പ്രതി മെസേജ് അയച്ചിരുന്നു. ലക്‌നൗവില്‍ ജോലി ലഭിച്ചുവെന്നും അവിടേക്ക് പോവുകയാണെന്നുമാണ് പ്രതി പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും ബന്ധുക്കള്‍ക്ക് മെസേജ് അയച്ചത്. പിന്നീട് ഫോണ്‍ ട്രെയിനില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

Similar Posts