
'രാജിക്ക് ശേഷം ഒരു വിവരവുമില്ല, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് എവിടെ?'; ചോദ്യവുമായി കപിൽ സിബൽ
|ജൂലൈ 22-നാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻഘഡ് അപ്രതീക്ഷിതമായി രാജിവെച്ചത്.
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ച ജഗ്ദീപ് ധൻഘഡിനെ കുറിച്ച് ജൂലൈ 22 മുതൽ ഒരു വിവരവുമില്ലെന്ന് രാജ്യസഭാംഗം കപിൽ സിബൽ. പലതവണ അദ്ദേഹത്തെ ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തുവിടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
രാജിവെച്ചതിന് ശേഷം ജഗ്ദീപ് ധൻഘഡിനെക്കുറിച്ച് ഒരു വിവരവും ഞങ്ങൾക്കില്ല. 'ലാപ്താ ലേഡീസി'നെക്കുറിച്ച് കേട്ടിട്ടുണ്ട്. ആദ്യമായാണ് ലാപ്താ (കാണാതായ) വൈസ് പ്രസിഡന്റ് എന്ന് കേൾക്കുന്നത്. ജൂലൈ 22-നാണ് അദ്ദേഹം രാജിവെക്കുന്നത്. ആഗസ്റ്റ് ഒമ്പതായി. ഇതുവരെ അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല. ഔദ്യോഗിക വസതിയിലും അദ്ദേഹമില്ല. അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. വിശ്രമത്തിലാണെന്നാണ് പേഴ്‌സണൽ സെക്രട്ടറി പറഞ്ഞത്.
അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ കുടുംബവും ഒന്നും പറഞ്ഞിട്ടില്ല. മറ്റു രാജ്യങ്ങളിൽ മാത്രമേ ഇത്തരം കാര്യങ്ങൾ കേട്ടിട്ടുള്ളൂ. എന്നാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പൊതുയിടത്തിൽ അറിയേണ്ടതുണ്ടെന്നും കപിൽ സിബൽ പറഞ്ഞു.
വ്യക്തിപരമായി അദ്ദേഹത്തോട് തനിക്ക് വലിയ അടുപ്പമുണ്ട്. പല കേസുകളിലും തന്റെ കൂടെ വാദിക്കാൻ അദ്ദേഹമുണ്ടായിരുന്നു. തന്റെ സഹപ്രവർത്തകരും അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. ആർക്കും ഒരു വിവരവും ലഭിക്കുന്നില്ല. പ്രതിപക്ഷം അദ്ദേഹത്തെ സംരക്ഷിക്കേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും കപിൽ സിബൽ പറഞ്ഞു.