< Back
India
ഹിജാബ് ധരിച്ചാണ് കരാട്ടെ മത്സരങ്ങളില്‍ പങ്കെടുത്തത്: സുപ്രിംകോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കരാട്ടെ ചാമ്പ്യന്‍
India

'ഹിജാബ് ധരിച്ചാണ് കരാട്ടെ മത്സരങ്ങളില്‍ പങ്കെടുത്തത്': സുപ്രിംകോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കരാട്ടെ ചാമ്പ്യന്‍

Web Desk
|
18 March 2022 12:49 PM IST

കരാട്ടെ മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട് ആലിയ ആസാദി

കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് നിരോധനത്തിനെതിരെ പോരാടുന്ന വിദ്യാര്‍ഥിനികളില്‍ ഒരാളാണ് ആലിയ ആസാദി. കരാട്ടെ ചാമ്പ്യനാണ് 17കാരിയായ ആലിയ. സംസ്ഥാന തലത്തിൽ സ്വർണ മെഡൽ ജേതാവാണ്.

ഹിജാബിനായി ശബ്ദിച്ചതിന്‍റെ പേരില്‍ തീവ്രവാദ അനുഭാവികളെന്നും മറ്റും മുദ്ര കുത്തപ്പെടുമ്പോള്‍‌ ആലിയയുടെ പിതാവ് പറയുന്നതിങ്ങനെ- "ആലിയ ചെറുപ്പം മുതലേ ഹിജാബ് ധരിച്ചിരുന്നു. കരാട്ടെ മത്സരങ്ങളിലും ഹിജാബ് ധരിച്ചാണ് പങ്കെടുത്തിരുന്നത്".

ഒരു പോരാളിയാവാന്‍ വേണ്ടിയല്ല ഇതെല്ലാമെന്ന് ആലിയ പറയുന്നു. രക്ഷിതാക്കളും കോളജ് അധികൃതരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹിജാബ് ധരിച്ച് കോളജില്‍ പോയത്. അങ്ങനെയാണ് താന്‍ പ്രതിഷേധത്തിന്‍റെ ഭാഗമായതെന്ന് ആലിയ എന്‍ഡിടിവിയോട് പറഞ്ഞു.

"ഹിജാബ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിക്കാൻ ആദ്യം ഞങ്ങൾ മാതാപിതാക്കളെ അയച്ചു. പക്ഷേ പ്രിൻസിപ്പലിന് അത് ബോധ്യപ്പെട്ടില്ല. അദ്ദേഹം പ്രതികരിക്കാതിരുന്നതോടെ ഞങ്ങൾ ഹിജാബ് ധരിച്ച് കോളജില്‍ പോയി. ഞങ്ങളെ ക്ലാസിൽ പ്രവേശിക്കാൻ അനുവദിച്ചില്ല"- ആലിയ പറഞ്ഞു.

സഹപാഠികൾ ഒറ്റപ്പെടുത്തിയെന്നും ആലിയ പറഞ്ഞു. ഹിജാബ് നിരോധനം കോടതി ശരിവെച്ചതോടെ മകളെ ഹിജാബ് അനുവദിക്കുന്ന കോളജിലേക്ക് മാറ്റേണ്ടി വന്നേക്കുമെന്ന് പിതാവ് പറയുന്നു. ഓട്ടോ ഡ്രൈവറാണ് ആലിയയുടെ പിതാവ്. ലക്ഷ്യം വെയ്ക്കപ്പെട്ടെന്നും തങ്ങളോട് അന്തസോടെ ഇടപെട്ടില്ലെന്നും ആലിയ അസാദി പറഞ്ഞു. ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയിൽ നിരാശരായ ഇവർ ഇപ്പോൾ സുപ്രിംകോടതിയിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്.

Related Tags :
Similar Posts