< Back
India
KarnatakaBJPMLAarrest, BJPMLAMadalVirupakshappaarrestinbriberycase
India

കൈക്കൂലിക്കേസിൽ കർണാടക ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ

Web Desk
|
27 March 2023 8:24 PM IST

കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ് മുൻ ചെയർമാനായ മദൽ വീരുപക്ഷപ്പയെയാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്

ബംഗളൂരു: കൈക്കൂലിക്കേസിൽ കർണാടകയിൽ ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ. മകൻ ഉൾപ്പെട്ട കൈക്കൂലിക്കേസിലാണ് കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ്(കെ.എസ്.ഡി.എൽ) മുൻ ചെയർമാൻ കൂടിയായ മദൽ വീരുപക്ഷപ്പയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്.

ദേവനാഗിരി ജില്ലയിലെ ചന്നഗിരി എം.എൽ.എയാണ് വീരുപക്ഷപ്പ. മകനും കർണാടക അഡ്മിനിസ്‌ട്രേഷൻ സർവീസ് ജീവനക്കാരനുമായ പ്രശാന്ത് മദൽ മാർച്ച് രണ്ടിന് ഓഫീസിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിൽ പ്രധാന ആസൂത്രകൻ വീരുപക്ഷയാണെന്ന വിവരം പുറത്തായത്.

ഒരു ബിൽ പാസാക്കാൻ വേണ്ടി വീരുപക്ഷപ്പ ഒരു കക്ഷിയിൽനിന്ന് 81 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായി ലോകായുക്ത കണ്ടെത്തി. ഇതിൽ 40 ലക്ഷം രൂപയാണ് മകൻ സ്വീകരിച്ചത്. മകൻ പിടിയിലായതിനു പിന്നാലെ വീരുപക്ഷപ്പയുടെ വസതിയിൽ നടത്തിയ അന്വേഷണത്തിൽ എട്ടു കോടി രൂപയുടെ കറൻസി നോട്ടുകൾ പിടികൂടുകയും ചെയ്തിരുന്നു.

കേസിൽ അറസ്റ്റ് തടയാനായി കർണാടക ഹൈക്കോടതിയിൽനിന്ന് നേരത്തെ വീരുപക്ഷപ്പ ഇടക്കാല മുൻകൂർ ജാമ്യം നേടിയിരുന്നു. എന്നാൽ, ഇടക്കാല ജാമ്യം നീട്ടാനായി അപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല.

Summary: Karnataka BJP MLA Madal Virupakshappa detained by Lokayukta police in bribery Case

Similar Posts