< Back
India
സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിൽ മൂന്നു പേർക്ക് വധശിക്ഷ; ഒൻപത് പേർക്ക് ജീവപര്യന്തം
India

സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിൽ മൂന്നു പേർക്ക് വധശിക്ഷ; ഒൻപത് പേർക്ക് ജീവപര്യന്തം

Web Desk
|
10 April 2025 9:34 AM IST

മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭിന്നജാതിക്കാരനുമായുള്ള മകളുടെ വിവാഹമാണ് സംഭവത്തിന് കാരണമായത്

ബെം​ഗളൂരു: റായ്ച്ചൂർ സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ചു. അഞ്ചു പേർ കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർക്ക് വധശിക്ഷയും ഒമ്പത് പേർക്ക് ജീവപര്യന്തവുമാണ് സിന്ദനൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. മകൾ വ്യത്യസ്ത ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ആ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭിന്നജാതിക്കാരനായ മൗനേഷുമായുള്ള സന്ന ഫകീരപ്പയുടെ മകൾ മഞ്ജുളയുടെ വിവാഹമാണ് സംഭവത്തിന് കാരണമായത്. പെൺകുട്ടിയുടെ പിതാവ് സന്ന ഫകീരപ്പ (46), ബന്ധുക്കളായ അമ്മണ്ണ(50), സോമശേഖർ (47)എന്നിവർക്കാണ് വധശിക്ഷ. കൂടാതെ 47,000 രൂപ വീതം പിഴയും വിധിച്ചു.

2020 ജൂലൈ 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. റായ്ച്ചൂരിലെ സിന്ദനൂർ പട്ടണത്തിൽ താമസിക്കുന്ന സാവിത്രാമ (55), ശ്രീദേവി (38), ഹനുമേഷ് (35), നാഗരാജ് (33), എറപ്പ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. എറപ്പയുടെ മരുമകൾ രേവതി, അമ്മ തായമ്മ എന്നിവർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

മഞ്ജുളയും മൗനേഷും പ്രണയത്തിലായിരുന്നു. മഞ്ജുളയുടെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ഇരുവരും വിവാഹിതരാവുകയും കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ മഞ്ജുളയുടെ കുടുംബാംഗങ്ങൾ മൗനേഷിന്റെ മുഴുവൻ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണിയെത്തുടർന്ന് മൗനേഷ് സിന്ദനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിൽ രോഷാകുലരായ മഞ്ജുളയുടെ കുടുംബം മൗനേഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മാതാപിതാക്കളുമായും സഹോദരങ്ങളുമായും ‌വഴക്കുണ്ടാക്കുകയും കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു.

Similar Posts