< Back
India
KarnatakaElection2023,KarnatakaAssemblyElection,karnataka election update, congress,bjp,Janata Dal,cpm
India

കെ.ജി.എഫില്‍ സി.പി.ഐക്കും പിറകില്‍ സി.പി.എം; ലഭിച്ചത് 167 വോട്ട് മാത്രം

Web Desk
|
13 May 2023 12:44 PM IST

ആകെ നാലിടത്ത് മാത്രമായിരുന്നു സി.പി.എം കര്‍ണാടകയില്‍ മത്സരിച്ചത്. അതില്‍ ഒരിടത്ത് മൂന്നാം സ്ഥാനം ലഭിച്ചത് മാത്രമാണ് സി.പി.എമ്മിനെ സംബന്ധിച്ച് ആശ്വസിക്കാനുള്ള ആകെ വക.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കി വിജയാഘോഷം തുടങ്ങുമ്പോള്‍ പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാതെ പോയ നിരാശയിലാണ് സി.പി.എം. മത്സരിച്ചയിടങ്ങളില്‍ പലയിടത്തും നോട്ടക്കും പിറകിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആകെ നാലിടത്ത് മാത്രമായിരുന്നു സി.പി.എം കര്‍ണാടകയില്‍ മത്സരിച്ചത്. അതില്‍ ഒരിടത്ത് മൂന്നാം സ്ഥാനം ലഭിച്ചത് മാത്രമാണ് സി.പി.എമ്മിനെ സംബന്ധിച്ച് ആശ്വസിക്കാനുള്ള ആകെ വക.

ചി​ക്ക​ബെ​ല്ലാ​പു​ര​യി​ലെ ബാ​ഗേ​പ​ള്ളി മണ്ഡലത്തിലാണ് സി.പി.എം മൂന്നാം സ്ഥാനത്തെത്തിയത്. ഡോ. അനില്‍‌കുമാര്‍ ആയിരുന്നു അവിടെ സി.പി.എം സ്ഥാനാര്‍ഥി. 9561 വോട്ടുകള്‍ നേടിയാണ ്അദ്ദേഹം മൂന്നാം സ്ഥാനത്തെത്തിയത്. പോസ്റ്റല്‍ ബാലറ്റിലും ഇ.വി.എമ്മിന്‍റെ ആദ്യഘട്ട വോട്ടെണ്ണലിലും അനില്‍‌കുമാര്‍ ബാ​ഗേ​പ​ള്ളിയില്‍ ലീഡ് ചെയ്തിരുന്നു.

കോ​ലാ​റി​ലെ കെ.​ജി.​എ​ഫ്‌ (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്)ലേക്ക് വന്നാല്‍ നോട്ടക്കും പിറകിലായിരുന്നു സി.പി.എമ്മിന്‍റെ സ്ഥാനം. 167 വോട്ടുകള്‍ മാത്രമാണ് സി.പി.എമ്മിന് കെ.ജി.എഫില്‍ ലഭിച്ചത്. അതേ മണ്ഡലത്തില്‍ സി.പി.ഐയും മത്സരിച്ചിരുന്നു. സി.പി.ഐക്ക് 441 വോട്ട് ലഭിച്ചപ്പോള്‍ നോട്ടയ്ക്ക് (NOTA നണ്‍ ഓഫ് ദ എബവ്) 807 വോട്ട് ലഭിച്ചു.

48600 വോട്ടോടെ കോണ്‍ഗ്രസിന്‍റെ രൂപകലയാണ് അവിടെ വിജയിച്ചത്. ബി.ജെ.പിയുടെ അശ്വിന്‍ സമ്പങ്കി 21383 വോട്ടോടെ രണ്ടാമതെത്തി. സി.പി.എം മത്സരിച്ച മറ്റൊരു മണ്ഡലമായ ബം​ഗ​ളൂ​രു​വി​ലെ കെ.​ആ​ർ പു​രത്ത് സി.പി.എമ്മിന് ആകെ ലഭിച്ചത് 52 വോട്ടാണ്.

അതേസമയം കർണാടക തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോൾ കോൺഗ്രസ് വ്യക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒടുവിലത്തെ ലീഡ് നിലയനുസരിച്ച് കോൺഗ്രസ് കേവലഭൂരിപക്ഷം പിന്നിട്ടുകഴിഞ്ഞു. 132 സീറ്റുകളിലാണ് നിലവില്‍ കോൺഗ്രസ് മുന്നിട്ട്‌ നിൽക്കുന്നത്. 224 അംഗ നിയമസഭയിൽ 113 അംഗങ്ങളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

Similar Posts