< Back
India
Karnataka minister Mahadevappa about Tippu Sulthan
India

കെആർഎസ് അണക്കെട്ടിന് അടിത്തറ പാകിയത് ടിപ്പുസുൽത്താൻ- മന്ത്രി മഹാദേവപ്പ

Web Desk
|
3 Aug 2025 10:51 PM IST

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ യുദ്ധക്കളത്തിൽ ചെറുത്ത ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായിരുന്നു ടിപ്പു സുൽത്താൻ എന്ന് മന്ത്രി പറഞ്ഞു.

മംഗളൂരു: കാവേരി നദിക്ക് കുറുകെ പണിത കെആർഎസ് (കൃഷ്ണ രാജ സാഗർ) അണക്കെട്ടിന് ആദ്യം തറക്കല്ലിട്ടത് ടിപ്പു സുൽത്താനാണെന്ന് മൈസൂരു ജില്ല ചുമതലയുള്ള സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി മഹാദേവപ്പ. എന്നാൽ ഇന്ന് ആരും അതിനെക്കുറിച്ച് തുറന്നു പറയാൻ ധൈര്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിൽ ഡോ. ബി.ആർ അംബേദ്കർ ഭവന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപ്പു സുൽത്താനാണ് ജലസംഭരണിക്ക് ആദ്യം പദ്ധതിയിട്ടതും അടിത്തറ പാകിയതും എന്ന് മഹാദേവപ്പ പറഞ്ഞു. ഇന്നും കെആർഎസ് അണക്കെട്ടിന്റെ പ്രധാന കവാടത്തിൽ ഇത് ആലേഖനം ചെയ്തിട്ടുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ ആളുകൾക്ക് ഒന്നുകിൽ ചരിത്രം അറിയില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ല. ടിപ്പുവിന്റെ കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും അടിച്ചമർത്തപ്പെട്ട സ്ത്രീകളെ ക്ഷേത്രസേവനത്തിലേക്ക് നിർബന്ധിച്ചിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയിരുന്നു. ആ വ്യവസ്ഥയിലെ അനീതി ടിപ്പു മനസ്സിലാക്കുകയും ആ സമയങ്ങളിൽ പോലും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്തു.

ടിപ്പു സുൽത്താൻ ഒരിക്കലും ഒരു ഇഞ്ച് ഭൂമി പോലും പ്രഭുക്കന്മാർക്ക് സമ്മാനമായി നൽകിയിട്ടില്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ യുദ്ധക്കളത്തിൽ ചെറുത്ത ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായിരുന്നു ടിപ്പു സുൽത്താൻ എന്ന് മന്ത്രി പറഞ്ഞു. അതേസമയം 1911-ൽ കൃഷ്ണരാജ വാഡിയാർ ബഹദൂറിന്റെ ഭരണകാലത്ത് അണക്കെട്ടിന്റെ നിർമാണം ആരംഭിച്ച് 1931-ൽ അവസാനിച്ചുവെന്നാണ് കർണാടക സർക്കാർ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്.

Similar Posts