< Back
India
HD Revanna
India

ലൈംഗികാതിക്രമ കേസിൽ എച്ച്.ഡി രേവണ്ണയെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു

Web Desk
|
5 May 2024 9:03 PM IST

എച്ച്.ഡി രേവണ്ണയെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്. ഡി ദേവഗൗഡയുടെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെ മകനും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണയെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടത്.

കർണാടകത്തിൽ ആളിക്കത്തുന്ന ലൈംഗികാതിക്രമ കേസിൽ പുത്രൻ പ്രജ്ജ്വലിനൊപ്പം പ്രതിയായ മുൻ മന്ത്രിയും ജെ.ഡി.എസ്, എം. എൽ.എയ കൂടിയായ എച്ച്.ഡി രേവണ്ണയെ, പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്. ഡി ദേവഗൗഡയുടെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രേവണ്ണ ദേവഗൗഡയുടെ വസതിയിൽ എത്തുകയായിരുന്നു. ആ വിവരം ലഭിച്ച പ്രത്യേക അന്വേഷണ സംഘം അവിടെ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതു മുതൽ രേവണ്ണ ഒളിവിലായിരുന്നു.

എസ്‌.ഐ.ടി മുമ്പാകെ ഹാജരാകാൻ രണ്ട് തവണ സമൻസ് അയച്ചിട്ടും രേവണ്ണ എത്തിയിരുന്നില്ല. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻ വീട്ടുജോലിക്കാരിയുടെ പരാതിയിൽ ലൈംഗിക പീഡനത്തിനാണ് ആദ്യത്തെ കേസ്. ഈ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന അവരുടെ മകന്റെ പരാതിയിലാണ് രണ്ടാമത്തെ കേസ്. രേവണ്ണയുടെ വിശ്വസ്തൻ സതീഷ് ബാബണ്ണയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ബാവണ്ണയും കേസിൽ പ്രതിയാണ്.

Related Tags :
Similar Posts