< Back
India
സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവും പത്ത് ലക്ഷം പിഴയും; നിയമവുമായി കർണാടക
India

സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവും പത്ത് ലക്ഷം പിഴയും; നിയമവുമായി കർണാടക

Web Desk
|
21 Jun 2025 2:03 PM IST

കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കും. ഓരോ പ്രത്യേക കോടതിയിലും കുറഞ്ഞത് ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കും.

ബെംഗളുരു: സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമം കൊണ്ടുവരാനൊരുങ്ങി കർണാടക.വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കും.

വ്യാജ വാർത്ത നിരോധന നിയമത്തിന്റെ കരട് നിയമസഭയിൽ വെച്ചു. സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനും കനത്ത നടപടി സ്വീകരിക്കാനും നിയമം നടപ്പിലാകുന്നതോടെ സർക്കാറിന് കഴിയും. തെറ്റായ വിവരങ്ങൾ കൈമാറുകയും അത് പൊതുജനാരോഗ്യം, പൊതു സുരക്ഷ, പൊതു സമാധാനം തുടങ്ങിയവക്ക് വെല്ലുവിളികൾ ഉയർത്തുകയും ചെയ്താൽ 2 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കരട് നിയമപ്രകാരം, സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ ആറ് അംഗ സോഷ്യൽ മീഡിയയിലെ വ്യാജ വാർത്താ നിയന്ത്രണ അതോറിറ്റി രൂപീകരിക്കും. കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കും. ഓരോ പ്രത്യേക കോടതിയിലും കുറഞ്ഞത് ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കും.

ഇന്ത്യയിലെ ജനസംഖ്യയുടെ 27% പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ചൈനക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണെന്നും കരടിൽ പറയുന്നു. "ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തി സോഷ്യൽ മീഡിയയാണ്, എന്നാൽ അതിന്റെ ഉപയോഗത്തിലും ജാഗ്രത ആവശ്യമാണ്. ഒരു ചെറിയ വ്യാജ വാർത്തയ്ക്ക് രാജ്യമെമ്പാടും ഒരു കോളിളക്കം സൃഷ്ടിക്കാൻ കഴിയുമെന്നും കരടിൽ പറയുന്നു.

Related Tags :
Similar Posts