< Back
India
സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ മുഴുവന്‍ ഫീസടക്കണമെന്ന് കോളജ് ചെയര്‍മാന്‍:  മകള്‍ക്ക് വേണ്ടി താലിമാല ഊരിനല്‍കി അമ്മ

representative image

India

സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ മുഴുവന്‍ ഫീസടക്കണമെന്ന് കോളജ് ചെയര്‍മാന്‍: മകള്‍ക്ക് വേണ്ടി താലിമാല ഊരിനല്‍കി അമ്മ

Web Desk
|
13 Sept 2025 1:16 PM IST

ഫീസടച്ചില്ലെങ്കില്‍ ടിസിയും മറ്റ് മാര്‍ക്ക് ലിസ്റ്റുകളും തരില്ലെന്ന് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തി

ബംഗളൂരു: നഴ്സിങ് വിദ്യാര്‍ഥിയായ മകളുടെ ഫീസടക്കാനായി താലിമാലയടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കോളജ് ചെയര്‍മാന് ഊരി നല്‍കി അമ്മ.കര്‍ണാടകയിലെ ഗംഗാവതിയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം നടന്നത്. ഇവിടുത്തെ ബിഎസ്‌സി നഴ്‌സിംഗ് ഒന്നാം വർഷ വിദ്യാർഥിനിയായ കാവേരി പ്രവേശന സമയത്ത് 10,000 രൂപ ഫീസ് അടച്ചിരുന്നു.ബാക്കി തുകയായ 90,000 രൂപ അടയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കുടുംബത്തിന് ബാക്കി ഫീസടക്കാന്‍ സാധിച്ചിരുന്നില്ല. ഈ സമയത്താണ് കവേരിക്ക് ഗഡാഗിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജിൽ മെറിറ്റില്‍ സീറ്റ് ലഭിച്ചത്.

തുടര്‍ന്ന് കാവേരിയുടെ മാതാപിതാക്കൾ കോളജിലെത്തുകയും പ്രവേശന സമയത്ത് നല്‍കിയ ഒറിജിനല്‍ സര്‍ട്ടിഫക്കറ്റടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഈ സമയത്താണ് കോളജ് ചെയര്‍മാന്‍ മുഴുവന്‍ ഫീസും അടക്കണമെന്ന് ആവശ്യപ്പെട്ടത്. അല്ലാതെ രേഖകളൊന്നും നല്‍കില്ലെന്നും ഭീഷണിപ്പെടുത്തി. തങ്ങളുടെ കൈയില്‍ അത്രയും പണമില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ മംഗളസൂത്രയടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്ന് പറയുകയും ചെയ്തു. മറ്റ് മാര്‍ഗങ്ങളില്ലാതെ ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച് ഏറെ സങ്കടത്തോടെ തന്‍റെ താലിമാല ഊരിമാറ്റേണ്ടി വന്നെന്നും മാതാവ് രേണുകമ്മ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, താന്‍ വിദ്യാര്‍ഥിനിയുടെ അമ്മയോട് താലിമാലയോ ആഭരണങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളേജ് ചെയർമാൻ ബി.സി. ചൈനാവാലർ പറഞ്ഞു. “വിദ്യാർഥിനി ഫീസ് അടച്ചിരുന്നില്ല.അതുകൊണ്ട് ഫീസടക്കമണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനിക്ക് ഒരു സർക്കാർ കോളേജിൽ പ്രവേശനം ലഭിച്ചു. യഥാർത്ഥ രേഖകൾ ചോദിച്ച് വന്നപ്പോള്‍ ബാക്കി ഫീസ് അടയ്ക്കാൻ ഞാൻ ആവശ്യപ്പെട്ടു. അവരുടെ പക്കൽ പണമില്ലെന്ന് പറഞ്ഞു. അവളുടെ അമ്മ അവളുടെ താലിമാലയും ആഭരണങ്ങളും ഊരി എനിക്ക് തന്നു. പക്ഷേ അടുത്ത ദിവസം ഞങ്ങൾ അവ തിരികെ നൽകിയെന്നും ചെയര്‍മാന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വിദ്യാര്‍ഥിനിയുടെ രേഖകള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Similar Posts