< Back
India
കർണാടക നിയമസഭയിൽ നിന്ന് സവർക്കറുടെ ചിത്രം നീക്കാൻ കോൺഗ്രസ്‌
India

കർണാടക നിയമസഭയിൽ നിന്ന് സവർക്കറുടെ ചിത്രം നീക്കാൻ കോൺഗ്രസ്‌

Web Desk
|
9 Dec 2024 6:36 PM IST

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും സവർക്കർ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഛായാചിത്രം സർക്കാർ എടുത്തുമാറ്റാനൊരുങ്ങുന്നത്

ബംഗളൂരു: കര്‍ണാടക നിയമസഭയ്ക്കുള്ളിലെ വീര്‍ സവര്‍ക്കറുടെ ഛായാചിത്രം നീക്കം ചെയ്യാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും സവര്‍ക്കര്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബെലഗാവിയിലെ സുവർണ വിധാന സൗധത്തില്‍ നിന്നും (ശീതകാല നിയമസഭാ സമ്മേളനങ്ങൾ നടക്കുന്ന നിയമസഭാ മന്ദിരം) അദ്ദേഹത്തിന്റെ ഛായാചിത്രം സര്‍ക്കാര്‍ എടുത്തുമാറ്റുന്നത്. നിയമസഭയുടെ പത്ത് ദിവസത്തെ ശീതകാല സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്.

2022ൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് നിയമസഭക്കുള്ളില്‍ ഹിന്ദുത്വവാദിയായ വീര്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചിരുന്നത്.

അതേസമയം, ചിത്രം നീക്കം ചെയ്യാനുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ രംഗത്തെത്തി. ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സവര്‍ക്കറെ അവഹേളിക്കുന്നത് തുടര്‍ന്നാല്‍ അവര്‍ക്ക് വലിയ വിലനല്‍കേണ്ടിവരും. രാജ്യത്തിനായി വീര്‍ സവര്‍ക്കര്‍ ചെയ്ത സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ നെഹ്‌റു എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം ഭിന്നിപ്പും വിദ്വേഷവും വളർത്തുന്ന വ്യക്തികളെ നിയമസഭയിൽ ആദരിക്കരുതെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇതില്‍‌ പ്രതിഷേധിക്കാനുണ്ടെന്ന് ബിജെപിക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം ആശങ്കയാണെന്നും മന്ത്രി വ്യക്തമാക്കി.

2022ൽ ബിജെപി സർക്കാർ, സവർക്കറുടെ ചിത്രം നിയമസഭയിൽ സ്ഥാപിച്ചപ്പോൾ, പ്രതിഷേധവുമായി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. വിവാദ വ്യക്തിത്വമായ ഒരാളുടെ ചിത്രം എന്തിനാണ് സഭക്കുള്ളിൽ സ്ഥാപിക്കുന്നതെന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന സിദ്ധരാമയ്യ ചോദിച്ചിരുന്നു. നിയമസഭാ മന്ദിരത്തിന് പുറത്ത് ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ശീതകാല നിയമസഭാ സമ്മേളനത്തിനിടെയും ഛായാചിത്രം നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല.

Similar Posts