< Back
India
Karnataka,crimenews, newlywedsmurder,കര്‍ണാടക,ക്രൈം ന്യൂസ്,നവവധുവെട്ടേറ്റ് മരിച്ചു
India

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവും ഗുരുതരാവസ്ഥയിൽ

Web Desk
|
8 Aug 2024 4:47 PM IST

നവീൻ ലിഖിതയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ടതായി ബന്ധുക്കളുടെ മൊഴി

ബെംഗളൂരു: കർണാടകയിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നവവധു ഭര്‍ത്താവിന്‍റെ വെട്ടേറ്റ് മരിച്ചു. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച കോലാർ ഗോൾഡ് ഫീൽഡ് താലൂക്കിലാണ് സംഭവം നടന്നത്. 19 കാരിയായ ലിഖിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നവീൻ(27) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ചംബരസനഹള്ളി ഗ്രാമത്തിൽ വൈകിട്ട് ആറു മണിയോടെയാണ് യുവതി കൊല്ലപ്പെട്ടത്. രാവിലെ ചംബരസനഹള്ളിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ ബന്ധുക്കളോടൊപ്പം സമയം ചെലവഴിച്ചു. പിന്നീട്, നവീൻ ലിഖിതയെയും മാതാപിതാക്കളെയും ഗ്രാമത്തിലെ തന്‍റെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് എല്ലാവരും ഭക്ഷണം കഴിച്ച് വിശ്രമിച്ചു. ഭക്ഷണത്തിന് ശേഷം ദമ്പതികൾ മുറിയിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം മുറിയിൽ നിന്ന് നിലവിളി കേൾക്കുകയും ബന്ധുക്കളിലാരോ ജനലിലൂടെ നോക്കിയപ്പോൾ നവീൻ ലിഖിതയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ടതായും പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

തുടർന്ന് ബലം പ്രയോഗിച്ച് മുറിയുടെ വാതിൽ തുറന്നപ്പോൾ ലിഖിതയെ രക്തത്തിൽക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. നവീനും ഗുരുതര പരിക്കുകളോടെ തറയിൽ കിടക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. അതേസമയം, സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം, അമ്മാവന്റെ വീട്ടിൽ നിന്ന് നവീന് വെട്ടുകത്തി കിട്ടിയതെങ്ങനെ എന്നതുൾപ്പടെ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് എസ്.പി ശാന്തരാജു പറഞ്ഞു. നവീൻ ആൻഡേഴ്‌സൺപേട്ടിൽ തുണിക്കട നടത്തിവരികയായിരുന്നു. ലിഖിത പിയു കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. നേരത്തെ വന്ന വിവാഹാലോചനകൾ നിരസിച്ചാണ് നവീൻ ലിഖിതയെ വിവാഹം കഴിച്ചതെന്ന് ഡിവൈഎസ്പി പാണ്ഡുരംഗ പറഞ്ഞു.

Similar Posts