< Back
India
Karur Stampede Victim Wants Court Ban On Actor Vijay Rallies Till Tragedy Probed

Photo| Special Arrangement 

India

'അന്വേഷണം അവസാനിക്കുംവരെ വിജയ്‌യുടെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തണം'; കരൂർ ദുരന്തത്തിൽ പരിക്കേറ്റയാൾ ഹൈക്കോടതിയിൽ

Web Desk
|
28 Sept 2025 5:02 PM IST

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് കരൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യവും അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി.

ചെന്നൈ: തമിഴ്നാട്ടിലെ കരൂറിൽ ടിവികെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേരുടെ ജീവൻ നഷ്ടമായ സാഹചര്യത്തിൽ വിജയ്‌യുടെ പൊതുപരിപാടികൾക്കും റാലികൾക്കും വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി ഇരകളിൽ ഒരാൾ. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ ഒരു കമ്മീഷനെ നിയോ​ഗിച്ചിരുന്നു. ഈ കമ്മീഷന്റെ അന്വേഷണം അവസാനിക്കുന്നതുവരെ ടിവികെ പരിപാടികൾക്ക് വിലക്കേർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സെന്തിൽകണ്ണൻ എന്നയാളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

അപകടത്തിൽ സെന്തിൽകണ്ണന് പരിക്കേറ്റിരുന്നു. കരൂറിലേത് വെറുമൊരു അപകടമല്ല, മറിച്ച് ആസൂത്രണത്തിലെ പാളിച്ചയുടെയും കടുത്ത കെടുകാര്യസ്ഥതയുടേയും പൊതുസുരക്ഷയെ അവഗണിച്ചതിന്റേയും ഫലമാണെന്ന് സെന്തിൽകണ്ണൻ ചൂണ്ടിക്കാട്ടി.

ഇനി ടിവികെ റാലികൾക്ക് അനുമതി നൽകുന്നതിൽ നിന്ന് തമിഴ്നാട് പൊലീസിനെ തടയണമെന്ന് അദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടു. പൊതു സുരക്ഷ അപകടത്തിലാകുമ്പോൾ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ഒത്തുകൂടാനുള്ള അവകാശത്തെ അസാധുവാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് കരൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യവും അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി. മനഃപൂർവമല്ലാത്ത നരഹ‌ത്യയടക്കം ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുപരിപാടികൾക്ക് വീണ്ടും അനുമതി നൽകുന്നതിനുമുമ്പ് ഇത്തരം അപകടങ്ങളുടെ യഥാർഥ ഉത്തരവാദിത്തം ആർക്കാണെന്ന് നിശ്ചയിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹരജി ജസ്റ്റിസ് ണ്ഡപാണി ഫയലിൽ സ്വീകരിച്ചു. ഹരജി നാളെ മധുര ബെഞ്ച് പരിഗണിച്ചേക്കും. അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹരജിയിലെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിന് തൊട്ടുമുമ്പ് കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിലെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.

ശനിയാഴ്ച രാത്രിയാണ് കരൂറിലെ വേലുസ്വാമിപുരത്ത് രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തമുണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കം 27,000 പേരായിരുന്നു ഒത്തുകൂടിയിരുന്നത്. ടിവികെ പ്രചാരണറാലിയിലേക്ക് വിജയ് ഏറെ വൈകിയെത്തിയതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് ഡിജിപി ജി. വെങ്കിട്ടരാമൻ ആരോപിക്കുന്നു. ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേർന്നു.

Similar Posts