< Back
India
ഖാംനഇയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധവും സംഘർഷവും; ഇന്റർനെറ്റിന്റെ വേഗത കുറച്ചു
India

ഖാംനഇയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധവും സംഘർഷവും; ഇന്റർനെറ്റിന്റെ വേഗത കുറച്ചു

റിഷാദ് അലി
|
2 March 2026 1:00 PM IST

കശ്മീർ സർവകലാശാലയിലെ പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധവും സംഘർഷവും. പ്രതിഷേധക്കാര്‍ പൊലീസുമായിഏറ്റുമുട്ടി. പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ലാൽ ചൗക്ക്, സൈദാ കടൽ, ബഡ്ഗാം, ബന്ദിപ്പോര, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കശ്മീരിൽ ഏകദേശം 15 ലക്ഷം ഷിയാ മുസ്‌ലിംകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ലാല് ചൗക്ക് പ്രദേശം പൂർണ്ണമായും അടച്ചിട്ടു. പ്രതിഷേധങ്ങളും കൂട്ടംചേരലുകളും തടയുന്നതിനായി ക്ലോക്ക് ടവറിലേക്ക് പ്രവേശനവും നിയന്ത്രിച്ചു. കശ്മീർ താഴ്‌വരയിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും നാളെയും അടച്ചിടാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

കശ്മീർ സർവകലാശാലയിലെ പരീക്ഷകൾ മാറ്റിവെച്ചു. അതിനിടെ, കാശ്മീർ താഴ്‌വരയിലുടനീളം മൊബൈൽ ഇന്റർനെറ്റ് വേഗതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം. ഇസ്രായേൽ-യുഎസ് സംയുക്താക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്.

സ്ഥിരീകരിക്കാത്ത വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കി. വാർത്തകൾ നൽകുന്നതിന് മുൻപ് വിശ്വസനീയവും ആധികാരികവുമായ സ്രോതസ്സുകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള പ്രകോപനപരമായ തലക്കെട്ടുകൾ ഒഴിവാക്കണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു.


Similar Posts