< Back
India
kashmir_snowfall
India

ശ്രീനഗറിൽ കുടുങ്ങിയ സഞ്ചാരികൾക്കായി പള്ളിയും വീടുമൊരുക്കി; അതിഥികളെ ഹൃദയം കൊണ്ട് വരവേറ്റ് കശ്‌മീരികൾ

Web Desk
|
28 Dec 2024 9:49 PM IST

മഞ്ഞുവീഴ്‌ച കാരണം ശ്രീനഗർ താഴ്‌വരയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്കായി പള്ളികളും വീടുകളും തുറന്നുനൽകി

ശ്രീനഗർ: തണുത്തുറഞ്ഞ ദാൽ തടാകത്തിലൂടെ ഐസ് പാളികൾ പൊട്ടിച്ച് കൊണ്ട് നീങ്ങുന്ന ശിക്കാര... നോക്കുന്നിടമെല്ലാം തൂവെള്ള നിറത്തിൽ മഞ്ഞുമൂടിക്കിടക്കുന്നു.. കണ്ണിൽ കാണുന്ന ഭംഗിക്കപ്പുറം അതികഠിനമായ ശൈത്യത്തിലൂടെയാണ് കശ്‌മീർ കടന്നുപോകുന്നത്. ശ്രീനഗറിൽ 50 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ഡിസംബർ രാത്രി കടന്നുപോയിരിക്കുന്നു. ശ്രീനഗർ താഴ്‌വരയിലുടനീളം തണുപ്പിനെ തീവ്രമാക്കിക്കൊണ്ട് താപനില വളരെ താഴ്ന്നു.

ഈ മോശം കാലാവസ്ഥയോ തണുപ്പിന്റെ കാഠിന്യമോ കശ്‌മീരിലേക്ക് എത്തുന്നതിൽ നിന്ന് സഞ്ചാരികളെ തടയുന്നില്ല. ഭൂമിയിലെ പറുദീസ തേടി അവർ എത്തിക്കൊണ്ടേയിരിക്കുകയാണ്. അതിഥികളെ ഹൃദയംകൊണ്ട് വരവേൽക്കുന്നവർ തങ്ങളുടെ വീടുകളും അവർക്കായി തുറന്നിട്ടിരിക്കുന്നു. മഞ്ഞുവീഴ്ച കാരണം ശ്രീനഗർ താഴ്‌വരയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്കായി പള്ളികളും വീടുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് കശ്‌മീരികൾ.

വെള്ളിയാഴ്‌ച ശ്രീനഗർ താഴ്‌വരയിൽ വ്യാപകമായ മഞ്ഞുവീഴ്‌ചയാണ് ഉണ്ടായത്. ഒപ്പം പെയ്‌തിറങ്ങിയ മഴയും പ്രതികൂല സാഹചര്യങ്ങൾ സൃഷ്‌ടിച്ചപ്പോൾ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും അധികൃതർ റദ്ദാക്കി. തുടർച്ചയായ മഞ്ഞുവീഴ്‌ചയും ദൂരക്കാഴ്‌ചയും കുറവായതിനാൽ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി ശ്രീനഗർ വിമാനത്താവള അധികൃതർ അറിയിക്കുകയായിരുന്നു.

പിന്നാലെ ശ്രീനഗർ-ജമ്മു ദേശീയ പാതയും അടച്ചു. ഇതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് പ്രദേശത്ത് കുടുങ്ങിപ്പോയത്. ഇവരെ സ്വന്തം വീടുകളിൽ പാർപ്പിക്കുകയായിരുന്നു സ്വദേശികൾ. സഞ്ചാരികൾക്ക് വീടുകളിൽ ഭക്ഷണം വിളമ്പുന്നതും പുതപ്പ് വിരിക്കുന്നത്തിന്റെയും വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കശ്‌മീരിലെ ജനങ്ങളുടെ മനുഷ്യത്വപരമായ പ്രതികരണത്തെ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ് അഭിനന്ദിച്ചു. അതേസമയം, കാസിഗണ്ടിനും തുരങ്കത്തിനും ഇടയിൽ രണ്ടായിരത്തോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. മഞ്ഞുപാളികൾ വെല്ലുവിളിയായി തുടരുകയാണ്. റോഡിൽ കുടുങ്ങിയ ബാക്കി വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Similar Posts