< Back
India
ജമ്മുകശ്മീർ ഭീകരാക്രമണം; മരിച്ചവരിൽ മലയാളിയും
India

ജമ്മുകശ്മീർ ഭീകരാക്രമണം; മരിച്ചവരിൽ മലയാളിയും

Web Desk
|
22 April 2025 10:22 PM IST

കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ ഒരു മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണ്.

തിങ്കളാഴ്ചയാണ് രാമചന്ദ്രനും കുടുംബവും വിനോദയാത്രയ്ക്കായി ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. ഭാര്യയ്ക്കും മകൾക്കും മകളുടെ രണ്ടു കുട്ടികൾക്കുമൊപ്പമാണ് അവധി ആഘോഷിക്കാനായി പഹൽഗാമിൽ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ രാമചന്ദ്രന്‍റെ മരണവാർത്ത എറണാകുളത്തുള്ള ബന്ധുക്കൾക്ക് ലഭിച്ചു. പിന്നാലെ കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്ന വിവരവും എത്തി.

ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന മകൻ കുടുംബത്തിന്‍റെ അടുത്തേക്ക് പുറപ്പെട്ടു. കുടുംബാംഗങ്ങളെ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനും മറ്റ് നടപടികൾ പൂർത്തിയാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

രാമചന്ദ്രൻ എറണാകുളത്ത് ബിസിനസ് നടത്തിവരികയാണ്. കുടുംബത്തോടൊപ്പം വർഷങ്ങളായി ഇടപ്പള്ളിയിലെ മാങ്ങാട്ട് റോഡിലാണ് താമസം. ആക്രമണത്തിൽ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നേവൽ എന്നയാളും കൊല്ലപ്പെട്ടിട്ടുണ്ട്.



Similar Posts