< Back
India
mallikarjun kharge about rahul gandhi disqualification
India

കോണ്‍ഗ്രസ് ബലഹീനരെന്ന് കരുതുന്ന ബി.ജെ.പിക്കും മോദിക്കും മറുപടി നല്‍കും: ഖാര്‍ഗെ

Web Desk
|
26 March 2023 11:42 AM IST

'രാഹുൽ ഗാന്ധി ആർക്ക് മുന്നിലും തല കുനിക്കില്ല'

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരായ സത്യഗ്രഹം വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികര്‍ജുന്‍ ഖാര്‍ഗെ. രാഹുൽ ഗാന്ധിക്കൊപ്പം ഒറ്റക്കെട്ടായുണ്ടെന്ന് അറിയിക്കാനാണ് ഈ സത്യഗ്രഹം. ബി.ജെ.പിയും നരേന്ദ്ര മോദിയും കോൺഗ്രസ് ബലഹീനരാണെന്ന് കരുതുന്നു. തക്ക മറുപടി കോൺഗ്രസ് നൽകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കി സംസാരിക്കുകായായിരുന്നു ഖാര്‍ഗെ.

ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാൻ എന്തുവേണമെങ്കിലും ബലികഴിക്കാൻ തയ്യാറാണ്. ഇതാണ് രാഹുൽ ഗാന്ധിയും ചെയ്യുന്നത്. രാഹുൽ ഗാന്ധിയുടെ പോരാട്ടം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ്. രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചാൽ കോൺഗ്രസ് അവസാനിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചു. എന്നാൽ രാഹുൽ ഗാന്ധി ആർക്ക് മുന്നിലും തല കുനിക്കില്ല. നരേന്ദ്ര മോദി ഗാന്ധി കുടുംബത്തിന് എതിരെ എത്രയെത്ര പ്രസംഗങ്ങൾ നടത്തി? എന്തുകൊണ്ട് നരേന്ദ്ര മോദിയെ മാനനഷ്ട കേസിൽ ശിക്ഷിച്ചില്ലെന്നും ഖാര്‍ഗെ ചോദിച്ചു.

ആബാലവൃദ്ധമടക്കം ആയിരത്തിലേറെ കോൺഗ്രസ് പ്രവർത്തകരാണ് മഹാത്മാ ഗാന്ധിയുടെ സമാധിയായ രാജഘട്ടിലേക്ക് രാവിലെ മുതൽ എത്തിയത്. പൊലീസ് സത്യഗ്രഹത്തിന് അനുമതി നിഷേധിച്ചെങ്കിലും സത്യഗ്രഹവുമായി മുന്നോട്ട് പോകാന്‍ കോൺഗ്രസ് നേതാക്കൾ തീരുമാനിക്കുകയായിരുന്നു. വാക്കാൽ അനുമതി നൽകുക മാത്രമായിരുന്നു പൊലീസിന് മുൻപിലുള്ള ഏക മാർഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാൽ ഉൾപ്പടെയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാര്‍, മുതിർന്ന കോൺഗ്രസ് നേതാക്കള്‍ 10 മണിക്ക് സത്യഗ്രഹ വേദിയിൽ എത്തിയിരുന്നു.


Similar Posts