< Back
India
The results of Maharashtra are unexpected Says Kharge
India

‘ഇവിഎം നമുക്ക് വേണ്ട’; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ കാമ്പയിൻ വേണമെന്ന് ഖാർഗെ

Web Desk
|
26 Nov 2024 9:10 PM IST

ബഹുജന മുന്നേറ്റം വേണമെന്നാവശ്യം

ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഒഴിവാക്കണമെന്നാവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരാൻ ഭാരത് ജോഡോ യാത്ര പോലുള്ള കാമ്പയിൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമുക്ക് ഇവിഎം വേണ്ട. ബാലറ്റ് പേപ്പറാണ് നമുക്ക് ആവശ്യം. എസ്സി-എസ്ടി വോട്ടുകൾ പാഴാകുകയാണ്. ഇവിഎമ്മുകൾ മോദി അദ്ദേഹത്തിന്റെ വീട്ടിലോ അഹമ്മദാബാദിലെ ഗോഡൗണിലോ സൂക്ഷിക്കട്ടേ’ -ഖാർഗെ പറഞ്ഞു.

ഇവിഎം ഹാക്കിങ് നടന്നിട്ടുണ്ടെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നിരീക്ഷകനും കർണാടക ആഭ്യന്തര മന്ത്രിയുമായ ജി. പരമേശ്വര ആരോപിച്ചു. ‘മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ ആഴത്തിൽ പരിശോധിച്ചു. പലയിടത്തും ഇവിഎമ്മിൽ കൃത്രിമം നടന്നതായി ഞങ്ങൾക്ക് തോന്നുന്നു’ -പരമേശ്വര പറയുന്നു.

ജാർഖണ്ഡിലും മറ്റിടങ്ങളിലും ഇത് എ​ന്തുകൊണ്ട് സംഭവിച്ചില്ല എന്നതാണ് വ്യക്തമായ ചോദ്യം. ചില പ്രത്യേകയിടങ്ങളിൽ മാത്രമാണ് കൃത്രിമം നടക്കുന്നത്. അതിനാൽ തന്നെ ഇത് ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ബഹുജന മുന്നേറ്റം വേണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പ​ട്ടോലെയും വ്യക്തമാക്കി. ‘ഇവിഎം വിഷയം ആരും കേൾക്കുന്നില്ല. ഞങ്ങൾ സുപ്രിംകോടതിയിൽ പോയി, ഞങ്ങളോട് തെളിയിക്കാനാണ് അവർ പറഞ്ഞത്. വോട്ട് ‘എക്സ്’ന് ആണ് ചെയ്യുന്നതെങ്കിലും അത് ‘വൈ’ക്ക് രേഖപ്പെടുത്തുന്നു​വെന്നാണ് ജനങ്ങളുടെ വികാരം. ആരും ഈ പ്രശ്നം ശ്രദ്ധിക്കുന്നില്ല. അതിനാൽ തന്നെ ബഹുജന മുന്നേറ്റമല്ലാതെ മറ്റൊരു വഴിയില്ല’ -അദ്ദേഹം പറഞ്ഞു.

Similar Posts