
Photo| Special Arrangement
'ആത്മഹത്യ ചെയ്യുന്നതിന് പകരം എംഎൽഎയെ കൊല്ലൂ': കർഷകരോട് മഹാരാഷ്ട്ര മുൻ മന്ത്രി
|2019ൽ ഐഎഎസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് കാഡു.
മുംബൈ: ആത്മഹത്യ ചെയ്യുന്നതിന് പകരം എംഎൽഎയെ കൊല്ലാൻ കർഷകരോട് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മുൻ മന്ത്രി. പ്രഹാർ ജനതാ പാർട്ടി മേധാവി ബച്ഛു കാഡുവിന്റേതാണ് വിവാദ പരാമർശം. ബുൽധാന ജില്ലയിലെ പട്ടൂർഡ ഗ്രാമത്തിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബച്ഛു കാഡു.
'പരുത്തിക്ക് 3,000 രൂപ വിലയേ കിട്ടുന്നുള്ളൂ എങ്കിൽ എന്തു ചെയ്യും? ആത്മഹത്യ ചെയ്യുമെന്ന് നിങ്ങൾ പറയും. അത് വേണ്ട. ആത്മഹത്യ ചെയ്യുന്നതിന് പകരം ആരെയെങ്കിലും കൊല്ലുക, ഒരു നിയമസഭാംഗത്തെ വെട്ടിക്കൊല്ലുക. അപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല'- കാഡു പറഞ്ഞു.
'നേരെ എംഎൽഎയുടെ വീട്ടിലേക്ക് പോവുക, നിങ്ങളുടെ വസ്ത്രമെല്ലാം അഴിച്ച് അവിടിരിക്കുക, തുടർന്ന് ആ വീടിന് മുന്നിൽ മൂത്രമൊഴിക്കുക. ഇതും ജീവനൊടുക്കുന്നതിനേക്കാൾ നല്ലതാണ്'- കാഡു കൂട്ടിച്ചേർത്തു. കാഡുവിന്റെ പ്രസ്താവന വൻ വിമർശനത്തിന് കാരണമായിട്ടുണ്ട്.
മുമ്പ്, ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ആഗസ്റ്റിൽ കാഡുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് മാസം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഒരു നിയമസഭാംഗമാവുക എന്നത് ആർക്കും മറ്റൊരാളെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് ഓർമപ്പെടുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
എന്നാൽ, കീഴ്ക്കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതോടെ ഇയാൾക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഐപിസി 353, 506, 504 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. 2019ൽ സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.