
മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതിൽ കെ.എൻ രാജണ്ണയുടെ അണികൾ തെരുവിലിറങ്ങി; കടകൾക്ക് നേരെ അക്രമം
|കള്ളവോട്ട് സംബന്ധിച്ച ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ നിന്ദിച്ച കെ.എൻ.രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്
ബംഗളൂരു: കള്ളവോട്ട് സംബന്ധിച്ച ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ നിന്ദിച്ച കെ.എൻ.രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് അനുയായികൾ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മണ്ഡലമായ മധുഗിരിയിൽ തെരുവിലിറങ്ങി.
ബന്ദാഹ്വാനം നടത്തിയതിന് പിന്നാലെ കടകൾ നിർബന്ധിച്ച് അടപ്പിച്ചു. മധുഗിരി നഗരസഭയിൽ നിന്ന് അദ്ദേഹത്തിന്റെ വിശ്വസ്ത കൗൺസിലർ ഗിരിജ മഞ്ജുനാഥ് രാജിവെച്ചു.
രാജണ്ണയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മധുഗിരി പട്ടണത്തിൽ നടത്തിയ പ്രകടനത്തിൽ നേതാവിന് അനുകൂലമായി ബാനറുകളും പോസ്റ്ററുകളും ഉയർത്തി. ഉച്ചഭാഷിണികളിൽ മുഴക്കിയ മുദ്രാവാക്യത്തിൽ സാധുവായ കാരണങ്ങളില്ലാതെ രാജണ്ണയെ നീക്കം ചെയ്തതിന് കോൺഗ്രസ് ഹൈക്കമാൻഡിനെ അപലപിച്ചു.
പൊലീസ് ജനക്കൂട്ടത്തെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും രോഷാകുലരായ അനുയായികൾ മുദ്രാവാക്യങ്ങളോടെ ഷട്ടറുകൾ താഴ്ത്തിച്ചു. വലിയ ജനക്കൂട്ടത്തിന് മുന്നിൽ നിസ്സഹായരായ പൊലീസുകാർ രാജണ്ണയുടെ അനുയായികളുടെ അതിക്രമങ്ങൾ നോക്കിനിന്നു. ആക്രമണത്തിൽ ചില കടകൾക്ക് കേടുപാടുകൾ സംഭവിച്ചു.