< Back
India
ആയിരം കോടിയുടെ നിക്ഷേപം, ആഡംബര കാറുകൾ  പൂർണമായും പ്രവാസികൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്ന ​ഗ്രാമത്തെക്കുറിച്ച് അറിയാമോ?

Photo| Special Arrangement

India

ആയിരം കോടിയുടെ നിക്ഷേപം, ആഡംബര കാറുകൾ പൂർണമായും പ്രവാസികൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്ന ​ഗ്രാമത്തെക്കുറിച്ച് അറിയാമോ?

Web Desk
|
14 Oct 2025 12:09 PM IST

2007 ൽ അവർ തുടങ്ങിയ പരീക്ഷണം പ്രാദേശിക വികസനത്തിനായൊരു ആഗോള ശൃംഖല തന്നെ ഒരുക്കി

ഗാന്ധിനഗർ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഒരുഗ്രാമം. ഇന്ത്യയിലെ ഗ്രാമീണ ജീവിതം എങ്ങനെയായിരിക്കുമെന്ന സ്വാഭാവിക ചിന്തകളെ മാറ്റിയെഴുതിയ ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ധർമ്മജ്.

1895-ലാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമാകാനുള്ള യാത്ര ധർമ്മജ് ആരംഭിക്കുന്നത്. ധർമ്മജുകാരായ ജോതാരാം കാശിറാം പട്ടേലും ചതുർഭായ് പട്ടേലും ഉഗാണ്ടയിലേക്ക് കപ്പൽ കയറിയ വർഷമായിരുന്നു അത്. പിന്നീട് പ്രഭുദാസ് പട്ടേലിനെപ്പോലുള്ളവർ മാഞ്ചസ്റ്ററിനലേക്ക് പോവുകയും ധർമ്മജിൽ 'മാഞ്ചസ്റ്റർവാല' എന്ന സ്നേഹനാമം നേടുകയും ചെയ്തു. ഗോവിന്ദ്ഭായ് പട്ടേൽ ഏദനിൽ ഒരു പുകയില ബിസിനസ്സ് കെട്ടിപ്പടുത്തു. ഓരോരുത്തരുടെ യാത്രയ്ക്കൊപ്പവും വിദേശ സഞ്ചാരത്തിൻ്റെയും പ്രവാസി ജീവിതത്തിൻ്റെയും സാമൂഹികാന്തരീക്ഷം കെട്ടിപ്പടുക്കുകയും ചെയ്തു.

ഇന്ന് 1,700ലധികം വരുന്ന ധർമ്മജ് കുടുംബങ്ങൾ ബ്രിട്ടനിലും, 800 കുടുംബങ്ങൾ അമേരിക്കയിലും, 300 കുടുംബങ്ങൾ കാനഡയിലും, 150 എണ്ണം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി താമസിക്കുന്നു, ആഫ്രിക്ക തുടങ്ങി ലോകത്തെ വിവിധ രാജ്യങ്ങളിലായി നിരവധി കുടുംബങ്ങൾ താമസിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവർ നാടുമായുള്ള ബന്ധം വിച്ഛേദിച്ചില്ല. പകരം ഗ്രാമ വികസനത്തിൻ്റെ ഭാഗമായി മാറി. 2007 ൽ അവർ തുടങ്ങിയ പരീക്ഷണം പ്രാദേശിക വികസനത്തിനായൊരു ആഗോള ശൃംഖല തന്നെ ഒരുക്കി.

ധർമ്മജിലേക്കെത്തിയാൽ ഇരുവശത്തും ബ്ലോക്കുകളുള്ള കല്ലുപാകിയ ആർസിസി റോഡുകൾ കാണാം. മാലിന്യ കൂമ്പാരങ്ങളോ വെള്ളകെട്ടുകളോ പ്രദേശവാസികളെ ബാധിക്കില്ല. പരസ്പര ഉത്തരവാദിത്തത്തോടെ പഞ്ചായത്തും ഗ്രാമീണരും പരിപാലനം ഏറ്റെടുത്തു നടപ്പാക്കുന്നു. ഗൗച്ചറിലെ സൂരജ്ബ പാർക്ക് നീന്തൽ, ബോട്ടിംഗ്, പൂന്തോട്ടങ്ങൾ തുടങ്ങി വിനോദങ്ങൾക്കും മാനസിക സന്തോഷത്തിനുമുള്ള ഇടവും ഇവിടെയുണ്ട്. ചെറിയ നരക്കിൽ പ്രദേശവാസികൾക്ക് പ്രായഭേദമന്യേ ഇത് ഉപയോഗിക്കാം.

പശുക്കൾക്ക് വേണ്ടി പച്ചപ്പുല്ല് വളർത്തുന്നതിനായി 50 ബിഗാ ഭൂമി മാറ്റി വെച്ചിരിക്കുന്നു. മനുഷ്യരോടൊപ്പം മൃഗങ്ങളെ പരിഗണിക്കുന്നതിനോടൊപ്പം ഇടയന്മാരെ സഹായിക്കണം എന്നതാണിത്. 1972 മുതൽ പ്രവർത്തിക്കുന്ന ഭൂഗർഭ ഡ്രെയിനേജ് സംവിധാനമാണ് പ്രധാന ആകർഷണം. ഇന്നും ഇന്ത്യയിലെ പല നഗര പ്രദേശങ്ങളിലും കൃത്യമായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്ത ഘട്ടത്തിലാണിത്.

17 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന 11,333 പേർ ജീവിക്കുന്ന ഈ ഗ്രാമത്തിന്റെ സാമ്പത്തിക ശേഷി അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയിലെ വിവിധ ബാങ്കുകളിലെ 11 ശാഖകളിലായി 1,000 കോടി രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നു. 1959 ഡിസംബർ 18 ന് ആദ്യത്തെ ദേന ബാങ്ക് ശാഖ ഇവിടെ ആരംഭിച്ചു. 1969 ജനുവരി 16 ന് പ്രദേശവാസിയും പിന്നീട് ഇന്ത്യയുടെ ധനമന്ത്രിയുമായ എച്ച്.എം പട്ടേലിന്റെ കീഴിൽ ഗ്രാമ സഹകാരി ബാങ്കും ഇവിടെ ആരംഭിച്ചു. മെഴ്‌സിഡസ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാറുകൾ ധർമ്മജിൻ്റെ തെരുവിൽ കൂടി ഓടിമറയുന്നു.

ഗ്രാമത്തെ കെട്ടിപ്പടുത്താൻ സഹായിച്ച ആഫ്രിക്കൻ ബന്ധത്തിൻ്റെ ഓർമപ്പെടുത്തലുകൾ ഇവിടെ അവശേഷിക്കുന്നു "റോഡേഷ്യ ഹൗസ്", "ഫിജി റെസിഡൻസ്" എന്നീ പേരുകളുള്ള വീടുകൾ അവ നിർമ്മിച്ചവരുടെ ഓർമകളുമായി ഇവിടെ ബാക്കിയുണ്ട്. ഓരോവീടുകളിലും വെത്യസ്തമായ വാസ്തുവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമത്തിലെ സെമിത്തേരിയിൽ പോലും, സംഭാവന ഫലകങ്ങൾ ഇവിടെ ഉള്ളവർ ഉപകാരപൂർവ്വം കൊത്തിവെച്ചത് കാണാം. എല്ലാ വർഷവും ജനുവരി 12 ന് ധർമ്മജ് ദിവസമായി ആഘോഷിക്കുന്ന ഇവർ തങ്ങളുടെ ​ഗ്രാമം കെട്ടിപ്പടുക്കാൻ ഒപ്പം നിന്ന എൻആർഐകളെ ക്ഷണിക്കുകയും അവരോടൊപ്പം ആഘോഷിക്കുകയും ചെയ്യുന്നു. ധർമ്മജിനെ ഇന്ത്യൻ ഗ്രാമങ്ങൾക്ക് വളരാനുള്ള ഉദാത്ത മാതൃകയായാണ് പലരും വിശേഷിപ്പിക്കുന്നത്.

Similar Posts