
ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ കോൾ, ചെലവായത് മിനിറ്റിന് 23 രൂപ; ചരിത്രമറിയാം
|ഒരു കാലത്ത് മൊബൈൽ സ്വന്തമായിട്ടുള്ള ചുരുക്കം ആളുകൾക്ക് പോലും ഒരു ഫോൺ കോൾ ചെയ്യുന്നതിന് വലിയ തുക ചെലവാകുമായിരുന്നു
ന്യൂഡൽഹി: ഇന്നത്തെ കാലത്ത് മൊബൈൽ ഫോണുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു അനിവാര്യ ഘടകമാണ്. എന്നാൽ മൊബൈലുകൾ പുതുമയായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്ത് മൊബൈൽ സ്വന്തമായിട്ടുള്ള ചുരുക്കം ആളുകൾക്ക് പോലും ഒരു ഫോൺ കോൾ ചെയ്യുന്നതിന് വലിയ തുക ചെലവാകുമായിരുന്നു.
1973ലാണ് ലോകത്ത് മൊബൈൽ ഫോൺ കണ്ടെത്തുന്നതെങ്കിലും ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 1995ലാണ്. ഇന്ത്യയിൽ ആദ്യത്തെ മൊബൈൽ ഫോൺ കോൾ നടത്തിയത് ആരാണെന്നറിയാമോ? മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു 1995 ജൂലൈ 31ന് ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ കോൾ വിളിച്ച് ചരിത്രം സൃഷ്ടിച്ചു.
ഒരു നോക്കിയ ഹാൻഡ്‌സെറ്റ് ഉപയോഗിച്ചാണ് ജ്യോതി ബസു അന്നത്തെ കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ് റാമുമായി സംസാരിച്ചത്. ഈയൊരു ഫോൺ കൊളോടെ ഇന്ത്യയിൽ ഡിജിറ്റൽ ആശയവിനിമയത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയും ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയും തമ്മിലുള്ള ഫോൺ സംഭാഷണം ഇന്ത്യയുടെ ബി കെ മോദിയും ഓസ്‌ട്രേലിയയുടെ ടെൽസ്ട്രയും സംയുക്ത സംരംഭമായ മോദി ടെൽസ്ട്ര നെറ്റ്‌വർക്കിലൂടെയായിരുന്നു.
എന്നാൽ 30 വർഷം മുമ്പ് നടത്തിയ ഫോൺ കോളിന് ധാരാളം പണം ചെലവായിരുന്നു. മൊബൈൽ ആശയവിനിമയം ശൈശവാവസ്ഥയിലായിരുന്ന ആ കാലത്ത് ഒരു ഹാൻഡ്‌സെറ്റ് സ്വന്തമാക്കുക എന്നത് പലർക്കും താങ്ങാൻ കഴിയാത്ത ഒരു ആഡംബരമായിരുന്നു. കൂടാതെ മൊബൈൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് വിളിക്കാൻ കനത്ത നിരക്കുകൾ നൽകേണ്ടി വന്നിരുന്നു. ഡൈനാമിക് പ്രൈസിംഗ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു കോൾ ചാർജുകൾ. മിനിറ്റിന് 8.4 രൂപ (ഇന്നത്തെ പണത്തിൽ ഏകദേശം 23 രൂപ) അതേസമയം തിരക്കേറിയ സമയങ്ങളിൽ ചാർജുകൾ ഇരട്ടിയായിരുന്നു.