
Photo|Special Arrangement
ലഡാക്ക് സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
|വിരമിച്ച സുപ്രിംകോടതി ജഡ്ജി ബി.എസ് ചൗഹാന്റെ നേതൃത്വത്തിൽ അന്വേഷിക്കും
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. വിരമിച്ച സുപ്രിംകോടതി ജഡ്ജി ബി.എസ് ചൗഹാന്റെ നേതൃത്വത്തിൽ അന്വേഷിക്കും. പൊലീസ് നടപടിയിൽ നാല് യുവാക്കൾ ലേയിൽ കൊല്ലപ്പെട്ടിരുന്നു. ലഡാക്കിലെ സംഘടനകളുടെയും സോനം വാങ്ചുക്കിന്റെയും ആവശ്യമായിരുന്നു ജുഡീഷ്യൽ അന്വേഷണം.
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ്ചുക്കിന്റെ നിലപാട്. അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചതിന്റെ പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു. ഇതിൽ പൊലീസ് നടത്തിയ ഇടപെടലിൽ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. നാലുപേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 90ഓളം പേർക്ക് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ.