
Photo| Special Arrangement
ലഡാക്ക് സംഘർഷം; കേന്ദ്ര സർക്കാരുമായുള്ള ലഡാക്ക് പ്രതിനിധികളുടെ ചർച്ച ഇന്ന്
|കേന്ദ്ര സർക്കാരിൻ്റെ ഉപസമിതിയുമായി ഡൽഹിയിലാണ് കൂടിക്കാഴ്ച
ഡൽഹി: ലഡാക്ക് വിഷയത്തിൽ കേന്ദ്രസർക്കാരുമായുള്ള ലഡാക്ക് പ്രതിനിധികളുടെ ചർച്ച ഇന്ന്. നാലുപേർ കൊല്ലപ്പെടാനിടയായ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചർച്ച.
കേന്ദ്രസർക്കാരിന്റെ ഉപസമിതിയുമായി ഡൽഹിയിലാണ് കൂടിക്കാഴ്ച. ആഭ്യന്തരമന്ത്രാലയത്തിന്റെ ക്ഷണം ലഡാക്ക് പ്രതിനിധികൾ സ്വീകരിച്ചതായി ലേ അപെക്സ് ബോഡി സഹചെയർമാൻ ചെറിങ് ഡോർജെ ലക്രുക് പറഞ്ഞു. ലേ അപെക്സ് ബോഡി, കാർഗിൽ ഡെമക്രാറ്റിക് അലയൻസ് എന്നിവയിൽനിന്നുള്ള മൂന്ന് പ്രതിനിധികൾ, ലഡാക്ക് എംപി മുഹമ്മദ് ഹനീഫ ജാൻ, അഭിഭാഷകൻ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംസ്ഥാനപദവിയും കേന്ദ്രഭരണപ്രദേശത്തിന്റെ സുരക്ഷയും എന്ന പ്രാഥമികാവശ്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും ചർച്ച.
വിരമിച്ച സുപ്രിംകോടതി ജഡ്ജി ബി.എസ് ചൗഹാന്റെ നേതൃത്വത്തിലാണ് ജുഡീഷ്യൽ അന്വേഷണം. പൊലീസ് നടപടിയിൽ നാല് യുവാക്കൾ ലേയിൽ കൊല്ലപ്പെട്ടിരുന്നു. ലഡാക്കിലെ സംഘടനകളുടെയും സോനം വാങ്ചുക്കിന്റെയും ആവശ്യമായിരുന്നു ജുഡീഷ്യൽ അന്വേഷണം. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ്ചുക്കിന്റെ നിലപാട്. അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചതിന്റെ പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു. ഇതിൽ പൊലീസ് നടത്തിയ ഇടപെടലിൽ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. നാലുപേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 90ഓളം പേർക്ക് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ.