
ലാലു പ്രസാദ് യാദവ് പുതിയ വീട്ടിലേക്ക് മാറുന്നു; ആർജെഡി രാഷ്ട്രീയത്തിലും നിർണായക മാറ്റം
|ലാലു പ്രസാദ് യാദവ് എന്ന ജനകീയ നേതാവ് ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും മൂലം വീട്ടിലേക്ക് ഒതുങ്ങുമ്പോൾ ബിഹാറിലെ ബഹുജന രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിന് കൂടിയാണ് അന്ത്യമാവുന്നത്
പട്‌ന: ഒരു കാലത്ത് ബിഹാറിലെ ഏറ്റവും തിരക്കേറിയ രാഷ്ട്രീയ കേന്ദ്രങ്ങളായിരുന്നു ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വീടുകൾ. എന്നാൽ ഇപ്പോൾ അദ്ദേഹം പുതിയ വീട്ടിലേക്ക് മാറിയിരിക്കുകയാണ്. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ലാലുവിന്റെ വ്യക്തിജീവിതത്തിലും പാർട്ടിയുടെ പ്രവർത്തനത്തിലും പ്രധാന മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പതിറ്റാണ്ടുകളായി ലാലുവിന്റെ വീടുകൾ തുറന്ന രാഷ്ട്രീയ കോടതികളായാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഔദ്യോഗിക വസതിയായിരുന്ന നമ്പർ 1 ആനി മാർഗ് മുതൽ കുടുംബവീടായ നമ്പർ 10 സർക്കുലർ റോഡ് വരെ അനുയായികളും ഗ്രാമീണരും മാധ്യപ്രവർത്തകരും പാർട്ടി പ്രവർത്തകരും മന്ത്രിമാരുമെല്ലാം ഒരു നിയന്ത്രണവുമില്ലാതെ കയറിയിറങ്ങുന്ന വീടുകളായിരുന്നു.
ആ നീണ്ട കാലത്തെ കാഴ്ച അവസാനിക്കുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ വീട്ടിൽ പ്രവേശിക്കുന്നതിന് ശക്തമായ നിയന്ത്രണങ്ങളുണ്ട്. മുൻകൂടി അനുമതി വാങ്ങാതെ കൂടിക്കാഴ്ച അനുവദിക്കില്ല. പാർട്ടി പ്രവർത്തകർക്കും സന്ദർശനത്തിന് നിയന്ത്രണമുണ്ടാവും. ലാലുവിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നാണ് കുടുംബം പറയുന്നത്.
മെഡിക്കൽ സംഘങ്ങൾ പതിവായി ലാലുവിനെ സന്ദർശിക്കുന്നുണ്ട്. ശാന്തമായ അന്തരീക്ഷവും വിശ്രമവുമാണ് ഇപ്പോൾ വേണ്ടത് എന്നാണ് ഡോക്ടർമാരുടെ നിർദേശം. രാഷ്ട്രീയ ചർച്ചകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആനിമാർഗിലെ വീട് ഒരു പൊതുജന പരാതികേന്ദ്രം പോലെയാണ് പ്രവർത്തിച്ചിരുന്നത്. ബിഹാറിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകൾ ദിവസവും നിവേദനങ്ങളുമായി എത്തി. പത്രപ്രവർത്തകർ അതിരാവിലെ മുതൽ വീട്ടിലെത്തുമായിരുന്നു. മന്ത്രിമാർക്ക് ഏത് സമയത്തും മുഖ്യമന്ത്രിയെ കാണാൻ അനുമതിയുണ്ടായിരുന്നു.
ലാലുവിന്റെ ഭാര്യ റാബ്രിദേവി മുഖ്യമന്ത്രിയായിരുന്ന കാലത്തും സർക്കുലർ റോഡിലെ നമ്പർ 10 വീട് രാഷ്ട്രീയ കേന്ദ്രമായിരുന്നു. ഗേറ്റുകൾ 24 മണിക്കൂറും തുറന്നിട്ടിരുന്നു. പാർട്ടി പ്രവർത്തകർ മുഴുവൻ സമയവും വീടിന് സമീപം തന്നെയായിരുന്നു.
പുതിയ മാറ്റങ്ങൾ ആർജെഡി രാഷ്ട്രീയത്തിൽ കൂടിയുള്ള മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ലാലു സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണ്. സംഘടനാ പ്രവർത്തനവും സഖ്യ ചർച്ചകളും രാഷ്ട്രീയ നീക്കങ്ങളുമെല്ലാം ചർച്ച ചെയ്യുന്നത് തേജസ്വി യാദവാണ്. പാർട്ടിയുടെ പരമോന്നത നേതൃപദവിയിൽ ലാലു തുടരുമെങ്കിലും ദൈനംദിന രാഷ്ട്രീയകാര്യങ്ങൾ യുവനേതൃത്വമാണ് കൈകാര്യം ചെയ്യുന്നത്.
മുതിർന്ന പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ലാലുവിന്റെ പിൻമാറ്റം വൈകാരിക നിമിഷമാണ്. ലാലു പ്രസാദ് യാദവ് എന്ന ജനകീയ നേതാവ് ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും മൂലം വീട്ടിലേക്ക് ഒതുങ്ങുമ്പോൾ ബിഹാറിലെ ബഹുജന രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിന് കൂടിയാണ് അന്ത്യമാവുന്നത്.