
ജോലിക്ക് വേണ്ടി ഭൂമി: അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി
|ഡൽഹി റൗസ് കോടതിയാണ് കുറ്റം ചുമത്തിയത്
ന്യൂഡൽഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസിൽ ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി. ലാലുപ്രസാദ് യാദവും ഭാര്യയും മക്കളുമടക്കം കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഡൽഹി റൗസ് കോടതിയാണ് കുറ്റം ചുമത്തിയത്.
കുടുംബം ക്രിമിനൽ സിൻഡിക്കറ്റായി പ്രവർത്തിച്ചു. വലിയ ഗൂഢാലോചനയുണ്ടെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ. യാദവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹരജി കോടതി തള്ളി. റെയില്‍വേ മന്ത്രാലയത്തെ തന്റെ സ്വകാര്യ സ്വത്തായി യാദവ് ഉപയോഗിച്ചുവെന്നും, പൊതു തൊഴില്‍ വിലപേശലിനായി ഉപയോഗിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുടെയും അടുത്ത സഹായികളുടെയും ഒത്താശയോടെ യാദവ കുടുംബം ഭൂമി സ്വന്തമാക്കിയെന്നും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ പറഞ്ഞു. കേസിൽ 41 പേർക്കെതിരെ കോടതി കുറ്റം ചുമത്തുകയും 52 പേരെ വെറുതെ വിടുകയും ചെയ്തു.
കേസിൽ സിബിഐ പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചു. കുറ്റപത്രത്തിൽ പേരുള്ള 103 പ്രതികളിൽ അഞ്ചുപേർ മരിച്ചുവെന്നും പ്രസ്താവന നൽകി. അഴിമതിയുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്, ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2004-2009 കാലയളവിൽ ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ് "ഡി" തസ്തികകളിൽ നിരവധിപേരെ ഭൂമിക്ക് പകരമായി വിവിധ മേഖലകളിൽ നിയമിച്ചതായി കേന്ദ്ര ഏജൻസി എഫ്‌ഐആറിൽ ആരോപിച്ചിരുന്നു. റെയിൽവേ മന്ത്രാലയം സമ്മർദ്ദം ചെലുത്തിയതിനാലാണ് ജോലികൾ നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരേപിച്ച് പ്രതികൾ കുറ്റം നിഷേധിച്ചു.