< Back
India
ലതാമങ്കേഷ്‌കറിന്റെ ആരോഗ്യ നില തൃപ്തികരം; ആശാഭോസ്‍ലെ
India

ലതാമങ്കേഷ്‌കറിന്റെ ആരോഗ്യ നില തൃപ്തികരം; ആശാഭോസ്‍ലെ

Web Desk
|
6 Feb 2022 6:00 AM IST

സഹോദരി കൂടിയായ ആശാഭോസ്‍ലെ ആശുപത്രിയിലെത്തി ലതാമങ്കേഷ്‌കറിനെ സന്ദർശിച്ചു

ഗായിക ലതാമങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സഹോദരിയും ഗായികയുമായ ആശാഭോസ്‍ലെ. ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും വെറ്റിലേറ്ററിലേക്ക് മാറ്റിയ ലതാ മങ്കേഷ്‌കറെ കാണാൻ ആശാഭോസ്‍ലെ ആശുപത്രിയിലെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് അവരെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആശാഭോസ്‍ലെ. ഇവരെ കൂടാതെ ചലചിത്ര നിർമാതാവ് മധുര് ഭണ്ഡാർക്കർ,സുപ്രിയ സുലെ,രശ്മി താക്കറെ എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.

92 കാരിയായ മങ്കേഷ്‌കറിനെ ജനുവരി ആദ്യവാരമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ന്യൂമോണിയ കൂടി ബാധിച്ച് ആരോഗ്യനില കൂടുതൽ വഷളായി.ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ദിവസങ്ങൾക്ക് മുമ്പാണ്‌ ഐ.സി.യുവിൽ നിന്ന് മാറ്റിയത്. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. ലതാമങ്കേഷ്കർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മവിഭൂഷൻ, പത്മഭൂഷൻ, ദാദാസാഹെബ് ഫാൽകെ പുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രിയഗായികയുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Similar Posts