< Back
India
സിയുഇടി പരീക്ഷാ ഹാളിലെത്താൻ ആറ് മിനിറ്റ് വൈകി; വീണ്ടും അവസരം നൽകണമെന്ന ഹരജി ഡൽഹി ഹൈക്കോടതി തള്ളി
India

സിയുഇടി പരീക്ഷാ ഹാളിലെത്താൻ ആറ് മിനിറ്റ് വൈകി; വീണ്ടും അവസരം നൽകണമെന്ന ഹരജി ഡൽഹി ഹൈക്കോടതി തള്ളി

Web Desk
|
5 Jun 2025 7:43 PM IST

വിദ്യാർഥി പരീക്ഷയുടെ അച്ചടക്കം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു

ന്യൂഡൽഹി: കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) പരീക്ഷക്ക് വൈകിയെത്തിയ വിദ്യാർഥിക്ക് വീണ്ടും അവസരം നൽകണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി. വിദ്യാർഥി പരീക്ഷയുടെ അച്ചടക്കം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

മെയ് 13ന് ആയിരുന്നു വിദ്യാർഥിയുടെ പരീക്ഷ നടന്നത്. രാവിലെ 8.30 വരെ ആയിരുന്നു റിപ്പോർട്ടിങ് സമയം. 8.36ന് ആണ് വിദ്യാർഥി പരീക്ഷാ ഹാളിൽ എത്തിയത്. സമയം കഴിഞ്ഞതിനാൽ അധികൃതർ വിദ്യാർഥിയെ അകത്തു പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ ഹരജിയാണ് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്.

54 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയാണ് സിയുഇടി. ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ അനുവദിച്ചാൽ ഫല പ്രഖ്യാപനം, അഡ്മിഷൻ അടക്കമുള്ള തുടർനടപടികളെ അത് ബാധിക്കുമെന്ന് കോടതി പറഞ്ഞു. വിദ്യാർഥിയുടെ കരിയറിൽ ഇത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി അറിയാമെന്ന് പറഞ്ഞ കോടതി, പക്ഷെ ഇത്തരം പരീക്ഷകളിൽ പാലിക്കേണ്ട അച്ചടക്കം അവഗണിക്കാൻ കഴിയില്ലെന്ന് കൂട്ടിച്ചേർത്തു.

Similar Posts