
ഡൽഹിയിൽ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്‍റെ കാറിന് നേരെ വെടിവെപ്പ്
|വടക്കൻ ഡൽഹിയിലെ മാർഗട്ട് വാലെ ഹനുമാൻ ക്ഷേത്രത്തിന് സമീപം രാത്രി 10.15 ഓടെയാണ് സംഭവം
ഡൽഹി: ഡൽഹി കശ്മീരി ഗേറ്റിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്‍ ദീപക് ഖത്രിയുടെ കാറിന് നേരെ വെടിവെപ്പ്. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി അഭിഭാഷകൻ സഞ്ചരിച്ച കാറിനെ നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. വടക്കൻ ഡൽഹിയിലെ മാർഗട്ട് വാലെ ഹനുമാൻ ക്ഷേത്രത്തിന് സമീപം രാത്രി 10.15 ഓടെയാണ് സംഭവം.
ആക്രമണം നടക്കുമ്പോൾ വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അവരിൽ ഒരാളായ സന്ദീപ് എന്നയാളുടെ തോളിനാണ് വെടിയേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന്‍റെ എതിരാളികളാണെന്ന് പൊലീസ് പറഞ്ഞു. അക്രമികൾ കാറിനെ പിന്തുടര്‍ന്ന് നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമായിരുന്നു. മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പേർ കാറിന് പിന്നിൽ നിന്ന് നിരവധി തവണ വെടിയുതിർത്തു.
പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അക്രമികളെ തിരിച്ചറിയുന്നതിനും ലക്ഷ്യം കണ്ടെത്തുന്നതിനുമായി ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലും ക്രൈംബ്രാഞ്ചും അന്വേഷണത്തിന്‍റെ ഭാഗമായിട്ടുണ്ട്.
ദീപകിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കശ്മീരി ഗേറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻപ് ഭീഷണി സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ദുരൂഹതയുണ്ടെന്നും ഖത്രി പറഞ്ഞു. '' രാത്രി 10 മണിയോടെയാണ് സംഭവം നടന്നു. ഞാൻ കാറിന്‍റെ മുൻസീറ്റിലായിരുന്നു. രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘം ഞങ്ങൾക്ക് നേരെ വെടിയുതിര്‍ത്തു. ഇതിന്‍റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കുമോ എന്ന് നോക്കാം'' ഖത്രിയുടെ വാക്കുകളെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു.