< Back
India
മുംബൈയിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ നമസ്‌കരിച്ചതിന് വിദ്യാർഥികളെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് ഹിന്ദുത്വ സംഘടനകൾ:  കോളജിന് വക്കീൽ നോട്ടീസ്

പ്രചരിച്ച വീഡിയോയില്‍ നിന്നും 

India

മുംബൈയിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ നമസ്‌കരിച്ചതിന് വിദ്യാർഥികളെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് ഹിന്ദുത്വ സംഘടനകൾ: കോളജിന് വക്കീൽ നോട്ടീസ്

Web Desk
|
26 Nov 2025 2:08 PM IST

ബോംബെ ഹൈക്കോടതി അഭിഭാഷകന്‍ ഫയാസ് ഷെയ്ഖാണ് നോട്ടീസ് അയച്ചത്

മുംബൈ: ഒഴിഞ്ഞ ക്ലാസ് മുറിയിൽ നമസ്കരിച്ചതിന് മൂന്ന് മുസ്‌ലിം വിദ്യാർഥികളെക്കൊണ്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ കല്യാണിലെ ഐഡിയൽ കോളജിന് വക്കീല്‍ നോട്ടീസ്.

ബോംബെ ഹൈക്കോടതി അഭിഭാഷകന്‍ ഫയാസ് ഷെയ്ഖാണ് നോട്ടീസ് അയച്ചത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ബജ്റംഗ്ദള്‍ സംഘടനകളാണ് കോളജിലെ മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികളെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്.

മാപ്പ് പറയാൻ നിർബന്ധിച്ചവരുടെ പേരുകൾ എന്തൊക്കെയാണെന്നും പുറത്തുനിന്നുള്ളവർ കോളജിൽ എങ്ങനെ പ്രവേശിച്ചുവെന്ന് അന്വേഷിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

നവംബർ 22നായിരുന്നു ഒഴിഞ്ഞ ക്ലാസ് റൂമില്‍ വെച്ച് മൂന്ന് വിദ്യാര്‍ഥികള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നത്. പിന്നാലെയാണ് തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദളും വിഎച്ച്പിയും ക്യാമ്പസില്‍ കയറി വിദ്യാര്‍ഥികളെക്കൊണ്ട് നിര്‍ബന്ധിച്ച് ക്ഷമാപണം നടത്തിച്ചത്. ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഛത്രപതി ശിവാജിയുടെ പ്രതിമയ്ക്ക് മുന്നിൽ ചെവികൾ പിടിച്ചുകൊണ്ട്, പൊതുസ്ഥലത്ത് ഒരു മതപരമായ ചടങ്ങിലും ഏർപ്പെടില്ലെന്ന് വിദ്യാര്‍ഥികളെക്കൊണ്ട് പറയിപ്പിക്കുന്നതായിരുന്നു വീഡിയോ.

ജയ് ശ്രീറാം എന്ന് വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ബജ്‌റംഗ്ദളും വിഎച്ച്പിയും മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് കോളജിലെത്തിയെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ നടപടിയൊന്നും എടുത്തിട്ടില്ല.

അതേസമയം കോളജ് അധികാരികൾക്ക് മാത്രമേ അച്ചടക്ക നടപടി സ്വീകരിക്കാൻ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയ വക്കീല്‍ നോട്ടീസിൽ, വിദ്യാർഥികള്‍ക്ക് ഇത്തരം അപമാനം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണമെന്നും ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങൾ തടയുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പ് നൽകണമെന്നും, എല്ലാ സിസിടിവി ദൃശ്യങ്ങളും ഏതൊരു അന്വേഷണത്തിനും വേണ്ടി സംരക്ഷിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

വിദ്യാർഥികള്‍ ഏതെങ്കിലും കോളജ് നിയമം ലംഘിച്ചെങ്കില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടാതെ തന്നെ മാനേജ്‌മെന്റിന് നടപടിയെടുക്കാമായിരുന്നുവെന്ന് ഫയാസ് ഷെയ്ഖ് പറഞ്ഞു.

Similar Posts