
Photo | Mediaone
'തിളച്ച എണ്ണയോട് മല്ലിടുന്ന ബാല്യം'; ബിഹാറിൽ ഹോട്ടൽ ജോലി ചെയ്യുന്ന 11 വയസുകാരന്റെ ജീവിതം മാറുന്നു
|മീഡിയവൺ വാർത്തക്ക് പിന്നാലെ കുട്ടിയുടെ ചെലവുകൾ ഏറ്റെടുത്ത് ഇർസ ഫൗണ്ടേഷൻ
പട്ന: തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന ബിഹാർ റിപ്പോർട്ടിങ്ങിനിടെ മീഡിയ വൺ റിപ്പോർട്ടർ കണ്ടെത്തിയ 11 വയസുകാരൻ ബാലൻ. ചുട്ടുപൊള്ളുന്ന അടുപ്പിനരികെ തിളച്ച എണ്ണയോട് മല്ലിടുന്ന ബാല്യം. കേരളത്തിൽ ഒരിടത്തും കണ്ടെത്താൻ കഴിയാത്ത ദൃശ്യം. ആ ബിഹാരി കുഞ്ഞിന്റെ കഥ കേട്ടാൽ ഏത് മലയാളിയുടെയും കണ്ണ് നിറയും. മീഡിയ വൺ റിപോർട്ടറുടെ ഒറ്റ റിപ്പോർട്ടിങ് കൊണ്ട് അവന്റെ ജീവിതം ആകെ മാറാൻ തുടങ്ങുകയാണ്. സങ്കടത്തിൽ തുടങ്ങിയ ആ കഥ നോക്കാം.
പാഠപുസ്തകവും പെൻസിലും പിടിക്കേണ്ട കുഞ്ഞുക്കൈകളിൽ വലിയ ചട്ടുകവും കത്തിയുമൊക്കെ പിടിച്ച് ജോലി ചെയ്യുകയാണ് ബിഹാറിലെ അരാരയിലെ 11 വയസുകാരൻ. കുടുംബം പുലർത്തുന്നതിൻ്റെ ഭാഗമായി രാവിലെ ആറുമണി മുതൽ രാത്രി ഒമ്പതുമണിവരെയാണ് അവൻ ഹോട്ടലിൽ പണിയെടുക്കുന്നത്. കൂലിയായി കിട്ടുന്നതോ വെറും 100 രൂപമാത്രം. ജീവിത സാഹചര്യമാണ് ഈ കുരുന്നിനെ ഹോട്ടൽ ജോലിയിലേക്ക് തള്ളിവിട്ടത്. ഒന്നാം ക്ലാസുവരെയാണ് പഠിച്ചതെന്നും എന്നാൽ തുടർന്ന് പഠിക്കാൻ താൽപര്യമുണ്ടെന്നും വലുതായാൽ ഡോക്ടറാകണമെന്നുമാണ് ഈ കുരുന്നിന്റെ ആഗ്രഹം. എന്നാൽ അതിന് സാഹചര്യമില്ലെന്നും കുട്ടി പറയുന്നു. മറ്റുകുട്ടികളെ പോലെ പഠിക്കാനും കളിക്കാനും ഈ കുട്ടിയ്ക്കും കൊതിയുണ്ട്. അവസരം കിട്ടിയാൽ ഇതിന് തയാറുമാണ്. ഈ കുട്ടിയെപ്പോലെ ആയിരക്കണക്കിന് കുട്ടികളാണ് ബിഹാറിൽ വിവിധ ജോലികളിൽ ഏർപ്പെടുന്നത്. അവരിൽ റിക്ഷവലിക്കുന്നവരുണ്ട്, കടയിൽ ജോലി ചെയ്യുന്നവരുമെല്ലാമുണ്ട്.
മീഡിയ വൺ വാർത്ത വന്നതിന് പിന്നാലെ ബിഹാറിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഇർസ ഫൗണ്ടേഷൻ എന്ന സംഘടനാ കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായി. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് ഇടയിലും ഇത്തരം സാമൂഹിക വിഷയങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചതിന് മീഡിയവണിനെ അഭിനന്ദിക്കുന്നതായി ഇർസ ഫൗണ്ടേഷൻ ഡയറക്ടർ വദൂദ് സഖാഫി പറഞ്ഞു. കുട്ടിയുടെ എല്ലാ ചെലവുകളും ഏറ്റെടുത്ത് പഠിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ ഏറ്റെടുക്കുന്നതോടെ കൂട്ടിയുടെ വീട്ടിലെ ചെലവും ഏറ്റെടുക്കുകയും സംഘടനക്ക് കീഴിലുള്ള ഹോസ്റ്റൽ സൗകര്യമുള്ള ലിറ്റിൽ ഏയ്ഞ്ചൽ സ്കൂളിലേക്ക് മാറ്റുകയും ചെയ്യുമെന്നും വദൂദ് സഖാഫി പറഞ്ഞു.
ബിഹാറിലെ വിദ്യാഭ്യാസമെത്താത്ത ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് അവിടെയുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുകയാണ് ഇർസ ഫൗണ്ടേഷൻ. എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ ലേർണിംഗ് സെന്ററുകളിൽ എത്തിച്ച് എഴുത്തും വായനയും പഠിപ്പിച്ച് സ്കൂളിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഇർസ ഫൗണ്ടേഷൻ നിർവഹിക്കുന്നതെന്നും വദൂദ് സഖാഫി പറഞ്ഞു. ജീവിതത്തിൽ ഒരിക്കലെങ്കിലും വളരെ പിന്നോക്കം നിൽക്കുന്ന ഇത്തരം ഗ്രാമങ്ങൾ സന്ദർശിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
വിഡിയോ സ്റ്റോറി കാണാം: