< Back
India
അണ്ണാ സർവകലാശാല പീഡനക്കേസ്:  പ്രതിക്ക് ജീവപര്യന്തം, 30 വർഷം പുറത്തുവിടരുതെന്ന് കോടതി
India

അണ്ണാ സർവകലാശാല പീഡനക്കേസ്: പ്രതിക്ക് ജീവപര്യന്തം, 30 വർഷം പുറത്തുവിടരുതെന്ന് കോടതി

Web Desk
|
2 Jun 2025 1:31 PM IST

2024 ഡിസംബർ 23ന് രാത്രി എട്ടിനാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്

ചെന്നൈ: അണ്ണാ സർവകലാശാല വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതി ജ്ഞാനശേഖറിന് ജീവപര്യന്തം തടവ്. കുറ്റവാളി കുറഞ്ഞത് 30 വർഷമെങ്കിലും ജയിലിൽ കഴിയണമെന്നാണ് ചെന്നൈ വനിതാ കോടതിയുടെ വിധി. 90,000 രൂപ പിഴയും വിധിച്ചു.

ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ ചുമത്തിയിട്ടുള്ള 11 കുറ്റങ്ങളിലും ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

2024 ഡിസംബർ 23ന് രാത്രി എട്ടിനാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്. ക്യാമ്പസിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കുകയായിരുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി സർവകലാശാല അധികൃതർക്കും പൊലീസിനും പരാതി നൽകി. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ക്യാംപസിന് സമീപം ബിരിയാണി വിൽക്കുന്നയാളാണ് ജ്ഞാനശേഖരൻ. ഇതിനിടെ, കോട്ടൂർപുരത്തെ ജ്ഞാനശേഖരന്റെ വീട് സർക്കാർ ഭൂമി കയ്യേറി നിർമിച്ചതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഒരു ഭാഗം കോർപറേഷൻ പൊളിച്ചുനീക്കി. ഡിസംബറിൽ നടന്ന സംഭവത്തിൽ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയായി.

Similar Posts