< Back
India
ഗാന്ധി ചെയ്തത് പോലെ ഞാനും ചെയ്യുന്നു; ലോക്സഭയിൽ വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഉവൈസി
India

'ഗാന്ധി ചെയ്തത് പോലെ ഞാനും ചെയ്യുന്നു'; ലോക്സഭയിൽ വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഉവൈസി

Web Desk
|
3 April 2025 9:04 AM IST

ബുധനാഴ്ച ഉച്ചക്ക് ആരംഭിച്ച മാരത്തൺ ചർച്ചയുടെ അവസാനത്തിലാണ് ഉവൈസി സംസാരിച്ചത്

ന്യൂഡല്‍ഹി: വഖഫ് ബിൽ ചർച്ചക്കിടെ ലോക്സഭയില്‍ ബിൽ കീറിക്കളഞ്ഞ് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി.

വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വെള്ളക്കാർക്ക് അനുകൂലമായ ബിൽ കീറിയെറിഞ്ഞായിരുന്നു ​ഗാന്ധിയുടെ സമരം. ഇക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഉവൈസി ബില്‍ കീറിയെറിഞ്ഞത്.

ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ(ബുധന്‍) ഉച്ചയ്ക്ക് ആരംഭിച്ച മാരത്തൺ ചർച്ചയുടെ അവസാനത്തിലാണ് ഉവൈസി സംസാരിച്ചത്.

''മുസ്‌ലിംകളുടെ നേട്ടത്തിന് വേണ്ടിയാണ് ബില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ബിൽ ഭരണഘടനാ ലംഘനമാണ്. അഞ്ച് വർഷമെങ്കിൽ മുസ് ലിമായി തുടരുന്നവർക്ക് മാത്രമേ വഖഫ് ചെയ്യാനാവൂ എന്ന വ്യവസ്ഥ യുക്തിരഹിതമാണ്. അഞ്ച് വർഷമായി മുസ്‌ലിമായി തുടരുന്നവരെ എങ്ങനെ തിരിച്ചറിയാനാവുമെന്നും ഉവൈസി ചോദിച്ചു.

''വഖഫ് ബില്ലിൽ സർക്കാർ രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കുകയാണ്. പുരാതന ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടും, എന്നാൽ മസ്ജിദുകൾ സംരക്ഷിക്കപ്പെടില്ലെന്ന് വഖഫ് ബില്ലിലൂടെ വ്യക്തമായി. ഈ ബില്ലിന്റെ ലക്ഷ്യം മുസ്‌ലിംകളെ അപമാനിക്കുകയാണെന്നും''- ഉവൈസി വ്യക്തമാക്കി.

14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്. അതേസമയം ബിൽ ഇന്ന് രാജ്യസഭയിലെത്തും.

Similar Posts