< Back
India
മധുരയില്‍ റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോക്ക് പകരം മദ്യക്കുപ്പി; അമ്പരന്ന് കുടുംബം
India

മധുരയില്‍ റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോക്ക് പകരം മദ്യക്കുപ്പി; അമ്പരന്ന് കുടുംബം

Web Desk
|
27 Aug 2025 1:31 PM IST

ഫോട്ടോ മാറിവരുന്നത് അപൂര്‍വമെന്നായിരുന്നു താലൂക്ക് സപ്ലൈ ഓഫീസറുടെ വിശദീകരണം

മധുര: ഇ-റേഷൻ കാർഡിൽ ഉടമയുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് മദ്യക്കുപ്പിയുടെ ചിത്രം. തമിഴ്നാട്ടിലെ പേരയൂർ താലൂക്കിലെ ചിന്നപുലംപട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.ഡ്രൈവറായ സി തങ്കവേൽ (56) എന്നയാളുടെ കുടുംബത്തിന്‍റെ റേഷന്‍ കാര്‍ഡിന്‍റെ ഇ-കോപ്പിയിലാണ് ചിത്രം മാറി അച്ചടിച്ച് വന്നത്.

തങ്കവേലിന്‍റെ മകളുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. റേഷന്‍ കാര്‍ഡില്‍ നിന്ന് മകളുടെ പേര് നീക്കാനും തമിഴ്‌നാട് നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഭാര്യയെ കാർഡിൽ ഗുണഭോക്താവായി ചേർക്കാനും തങ്കവേല്‍ തീരുമാനിച്ചു. എൻറോൾമെന്റ് പ്രക്രിയയില്‍ ഇവരുടെ ഇ-റേഷൻ കാർഡ് അറ്റാച്ചുചെയ്യേണ്ടിവന്നിരുന്നു. അപ്പോഴാണ് കാർഡ് ഉടമയ്ക്ക് പകരം മദ്യക്കുപ്പിയുടെ ചിത്രം കുടുംബം കാണുന്നത്.

റേഷൻ കാർഡിന്റെ ഒറിജനല്‍ കോപ്പിയിൽ യഥാര്‍ഥ ഫോട്ടോയാണെന്നും ഇ കോപ്പിയില്‍ മദ്യക്കുപ്പിയുടെ ഫോട്ടോ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും കുടുംബം പറഞ്ഞു. ഇക്കാര്യം പ്രാദേശിക ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും തങ്കവേല്‍ കൂട്ടിച്ചേർത്തു.

അതേസമയം,ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ മുത്തു മുരുഗേശ പാണ്ടി പറഞ്ഞു.ഇത്തരം പിശകുകള്‍ ഉണ്ടാകുന്നത് ആശ്ചര്യകരമാണ്. താലൂക്ക് ഉദ്യോഗസ്ഥരുമായി ഇക്കാര്യം പരിശോധിച്ച് എത്രയും വേഗം ഇത് പരിഹരിക്കുമെന്നും സപ്ലൈ ഓഫീസർ പറഞ്ഞു.

Similar Posts