< Back
India
നിരത്തിവച്ച മദ്യക്കുപ്പികൾ, മുറിച്ചുവച്ച പഴങ്ങൾ, ഡാൻസ് കളിച്ച് തടവുകാര്‍; ജയിലോ അതോ ഡാൻസ് ബാറോ?

Photo| Screengrab/X via @karnatakaportf

India

നിരത്തിവച്ച മദ്യക്കുപ്പികൾ, മുറിച്ചുവച്ച പഴങ്ങൾ, ഡാൻസ് കളിച്ച് തടവുകാര്‍; ജയിലോ അതോ ഡാൻസ് ബാറോ?

Web Desk
|
10 Nov 2025 9:03 AM IST

സംഭവത്തെക്കുറിച്ച് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഞായറാഴ്ച പറഞ്ഞു

ബംഗളൂരു: തടവുകാര്‍ യഥേഷ്ടം മദ്യപിച്ചും ഡാൻസ് കളിച്ചും ഉല്ലസിക്കുന്ന ബംഗളൂരു സെൻട്രൽ ജയിലിൽ നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൊടുംക്രിമിനലുകളും ബലാത്സംഗികളും ഉൾപ്പെടെയുള്ള തടവുകാര്‍ ജയിലിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പാര്‍ട്ടി നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മദ്യം നിറച്ച ഡിസ്പോസിബിൾ ക്ലാസുകളും നിരത്തിവച്ച മദ്യക്കുപ്പികളും മുറിച്ച് പഴങ്ങൾ അടങ്ങിയ പ്ലേറ്റുകളും വറുത്ത നിലക്കടലയും വീഡിയോയിൽ കാണാം. അതിനിടെ കുറച്ചു തടവുകാര്‍ പാത്രങ്ങൾ തട്ടി നൃത്തം ചെയ്യുന്നുമുണ്ട്. സംഭവത്തെക്കുറിച്ച് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഞായറാഴ്ച പറഞ്ഞു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ജയിൽ) ബി. ദയാനന്ദയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

''ജയിലിൽ ജീവനക്കാരുുടെ കുറവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പലപ്പോഴും പറയാറുണ്ട്, എന്നാൽ നിലവിലുള്ള ജീവനക്കാർ അവരുടെ കർത്തവ്യങ്ങൾ നന്നായി നിർവഹിക്കണം. അതൊരു ഒഴികഴിവല്ല. ജീവനക്കാരുടെ അഭാവത്തിന്റെ മറവിൽ അവർ ടെലിവിഷൻ, മൊബൈൽ ഫോണുകൾ തുടങ്ങിയ സാധനങ്ങൾ നൽകുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് അതിനെ ജയിൽ എന്ന് വിളിക്കുന്നത്?" അദ്ദേഹം പറഞ്ഞു. ജയിലുകളിൽ സിസിടിവി ക്യാമറകളും ജാമറുകളും സ്ഥാപിക്കുന്നതിന് സർക്കാർ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ജയിൽ അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തടവുകാർ ഫോൺ ഉപയോഗിക്കുന്നതിൻ്റെയും ടെലിവിഷൻ കാണുന്നതിൻ്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് പുതിയ വീഡിയോകൾ.

Similar Posts