< Back
India
aadhaar
India

നിങ്ങളുടെ ആധാർ ലോക്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ സുരക്ഷിതമല്ല ബാങ്ക്, യുപിഐ അക്കൗണ്ടുകൾ

Web Desk
|
28 Jun 2025 10:14 AM IST

അൺലോക്ക് ചെയ്ത ആധാർ എന്നത് എടിഎം കാർഡിന് പിന്നിൽ പിൻ എഴുതിയ ശേഷം റോഡിൽ ഉപേക്ഷിക്കുന്നത് പോലെയാണ്. ഒരു മിനിട്ട് ചെലവഴിച്ചാൽ യാതൊരു ചെലവുമില്ലാതെ ആധാറും അക്കൗണ്ടുകളും സുരക്ഷിതമാക്കാം

മുംബൈ: ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താ​ക്കോൽ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കിൽ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതിൽ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി ആധാർ സുരക്ഷിതമാക്കുക എന്നതാണ്. നമ്മുടെ ആധാർ നമ്മുക്ക് നിരവധി സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും അത് മറ്റുള്ളവരിലെത്തിയാൽ സംഭവിക്കാൻ സാധ്യതയുള്ളത് വലിയ അപകടങ്ങളാണ്.

ആധാർ നമ്പർ ചോർന്നാൽ അത് ലഭിക്കുന്നവർക്ക് സിംകാർഡുകൾ പരിശോധിക്കുന്നത് മുതൽ നമ്മുടെ പേരിൽ മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻവരെ സാധിക്കും. അനധികൃത യുപിഐ പേയ്‌മെന്റുകൾ നടത്തുക, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുക തുടങ്ങിയ കാര്യങ്ങൾക്കും ഉപയോഗിക്കാനാകും.

‘ഇടപാടുകൾ നടക്കുമ്പോൾ ഒടിപി വരും എന്ന് നിങ്ങൾ കരുതി ആശ്വസിക്കുന്നുണ്ടെങ്കിൽ ഓർക്കുക പല ഗ്രാമീണ ബാങ്കുകളിൽ ഫോൺ നമ്പർ പോലും ആവശ്യമില്ല. അവിടെയാണ് യഥാർത്ഥ അപകടസാധ്യത. പണം പോകുന്നതും വരുന്നതും അറിയില്ല. കാരണം എസ്എം​എസോ കോളുകളോ ലഭിക്കില്ല. എടിഎമ്മുകളിലും ബ്രാഞ്ചുകളിലും സിസിടിവി ക്യാമറകൾ ഇല്ലെങ്കിൽ ആരാണ് പണമെടുത്തതെന്ന് കണ്ടെത്താൻ പ്രയാസമാണ്. ഉ​ത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജാർഖണ്ഡ്, യുപി, ബിഹാർ, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ നഗരങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോക്ക് ചെയ്യാത്ത ആധാറാണ് ഇത്തരം അപകട സാധ്യതകൾ ഉണ്ടാക്കുന്നതെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇതിന് പരിഹാരമായി നമ്മൾ എന്താണ് ചെയ്യേണ്ടത്. ആധാർ ബയോമെട്രിക്സ് സുരക്ഷിതമാക്കുകയെന്നതാണ് അതിന് യാതൊരു ചെലവുമില്ല, ഒരു മിനിറ്റ് മാത്രം മതി, ബയോമെട്രിക് വഴിയുള്ള തട്ടിപ്പിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാൻ അതുമതിയാകും.


എങ്ങനെ സുരക്ഷിതമാക്കാം

  • UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
  • ‘My Aadhaar’ വിഭാഗത്തിലേക്കും തുടർന്ന് Aadhaar Services എന്നതിലേക്കും പോകുക.
  • Lock/Unlock Aadhaar അല്ലെങ്കിൽ Lock/Unlock Biometrics തിരഞ്ഞെടുക്കുക.
  • Lock UID അല്ലെങ്കിൽ Enable Biometric Lock എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ആധാർ നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നൽകുക.
  • ലോക്കിംഗ് പ്രക്രിയ പൂർത്തിയാക്കാൻ തുടർന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക. നിങ്ങളുടെ വിരലടയാളവും ഐറിസ് ഡാറ്റയും സുരക്ഷിതമാണ്. അൺലോക്ക് ചെയ്യുന്നതുവരെ നിങ്ങൾക്ക് അത് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

mAadhaar ആപ്പ് ഉപയോഗിച്ച് ഫോണിലും ഇത് ചെയ്യാൻ കഴിയും. ബയോമെട്രിക്സ് ഉപയോഗിക്കേണ്ടി വരുമ്പോൾ അൺലോക്ക് ചെയ്ത് ഉപയോഗിക്കുക. തുടർന്ന് വീണ്ടും ലോക്ക് ചെയ്യുക. അൺലോക്ക് ചെയ്ത ആധാർ എന്നത് എടിഎം കാർഡിന് പിന്നിൽ പിൻ എഴുതിയ ശേഷം റോഡിൽ ഉപേക്ഷിക്കുന്നത് പോലെയാണ്.

Related Tags :
Similar Posts