< Back
India
LPG cylinder found on railway track in Roorkee in another train derailment bid
India

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; ഉത്തരാഖണ്ഡിൽ റെയിൽപ്പാളത്തിൽ ​ഗ്യാസ് സിലിണ്ടർ; തമിഴ്നാട് അപകടത്തിലും സംശയം

Web Desk
|
13 Oct 2024 12:24 PM IST

ആഗസ്റ്റിൽ മാത്രം രാജ്യവ്യാപകമായി ഇത്തരം 15 ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും സെപ്തംബറിൽ അഞ്ചെണ്ണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ഡെറാഡൂൺ: രാജ്യത്ത് ട്രെയിൻ അട്ടിമറി ശ്രമം തുടരുന്നു. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ റെയിൽപ്പാളത്തിൽ ​എൽപിജി സിലിണ്ടർ കണ്ടെത്തി. ലോക്കോ പൈലറ്റ് കൃത്യസമയത്ത് സിലിണ്ടർ കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു ഗുഡ്‌സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് സിലിണ്ടർ കണ്ടത്. ഉടൻ തന്നെ അധികാരികളെ അറിയിക്കുകയും ജീവനക്കാരെത്തി സിലിണ്ടർ എടുത്തുമാറ്റി അപകടം തടയുകയും ചെയ്തു.

ലൻഡൗര- ധൻധേര സ്റ്റേഷനുകൾക്കിടയിലാണ് ഒഴിഞ്ഞ സിലിണ്ടർ കണ്ടെത്തിയത്. വിവരം ലഭിച്ച അധികൃതർ ഒരു പോയിൻ്റ്മാനെ സംഭവസ്ഥലത്തേക്ക് അയയ്ക്കുകയും സിലിണ്ടർ കാലിയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ഇതെടുത്ത് ദന്ധേരയിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ രാജ്യത്തെ വിവിധയിടങ്ങളിൽ ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഗസ്റ്റിൽ മാത്രം രാജ്യവ്യാപകമായി ഇത്തരം 15 ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും സെപ്തംബറിൽ അഞ്ചെണ്ണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഏറ്റവും ഒടുവിലായി കാൺപൂരിലെ റെയിൽവേ ട്രാക്കിലാണ് എൽപിജി സിലിണ്ടർ കണ്ടെത്തിയത്. 2023 ജൂൺ മുതൽ ഇത്തരം 24 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ​ഗ്യാസ് സിലിണ്ടറുകൾ, സൈക്കിളുകൾ, ഇരുമ്പു കമ്പികൾ, സിമന്റ് കട്ടകൾ തുടങ്ങിയവയാണ് പാളത്തിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ട്രെയിനുകൾ പാളം തെറ്റിക്കുകയാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്ന് അധികൃതർ പറയുന്നു.

കഴിഞ്ഞദിവസം, തമിഴ്‌നാട്ടിലെ കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിൽ മൈസൂരു- ദർഭംഗ ബാഗ്മതി എക്‌സ്‌പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും അന്വേഷണ സംഘം അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ ട്രാക്കുകളിൽ നിന്ന് കാണാതായ ബോൾട്ടുകളും മറ്റ് ഘടകങ്ങളും ചുറ്റികയും കണ്ടെത്തി. ഇതാണ് അട്ടിമറി ശ്രമമെന്ന സംശയത്തിലേക്കു നയിച്ചത്.

മൈസൂരുവില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്‌സ്പ്രസ് വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കാണ് തിരുവള്ളൂര്‍ കവരൈപ്പേട്ടയില്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നു നിര്‍ത്തിയിട്ട ചരക്ക് ട്രെയിനില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിരുന്നു. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആകെ 1,360 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും 16 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റുകയും മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബർ 22ന് പൊന്നേരിയിലെ റെയിൽവേ ട്രാക്കിൽ സിഗ്നൽ ബോക്സുകൾ നീക്കം ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിലും സമാനരീതി കണ്ടതായി അന്വേഷണത്തിൽ വ്യക്തമായി. കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് പൊന്നേരി എന്നത് ശ്രദ്ധേയമാണ്.

സെപ്റ്റംബറിൽ ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. ട്രാക്ക്മാന്‍മാരായ സുഭാഷ് പോദാര്‍, മനിഷ്‌കുമാര്‍ സര്‍ദേവ് മിസ്ട്രി, കരാര്‍ ജീവനക്കാരനായ ശുഭം ജയ്‌സ്വാള്‍ എന്നിവരാണ് അറസ്റ്റിലായത്. അട്ടിമറി സംഭവം അധികൃതരെ അറിയിച്ചവര്‍ തന്നെയാണ് അട്ടിമറിക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പ്രമോഷന്‍ ലഭിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടാമെന്നും കരുതിയാണ് സംഘം ശ്രമിച്ചതെന്നാണ് മൊഴി. 71 ബോൾട്ടുകൾ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകൾ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയാണ് റെയില്‍വേ ഉദ്യോഗസ്ഥനായ സുഭാഷ് പോദാര്‍ റെയില്‍ അട്ടിമറി ശ്രമം അധികൃതരെ അറിയിക്കുന്നത്. എന്നാല്‍ സുഭാഷ് പോദാറിന്റെ മൊഴിയില്‍ സംശയം തോന്നിയ പൊലീസും എന്‍ഐഎയും വിശദമായ അന്വേഷണം നടത്തി.

ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് പ്രധാനമായും സംശയത്തിനിടയാക്കിയത്. അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ ഒന്നും കണ്ടില്ലെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. റെയില്‍വേ ട്രാക്ക്മാനായ പോദാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് 25 മിനിറ്റുകള്‍ മാത്രം മുമ്പാണ് ഡല്‍ഹി- രാജധാനി എക്സ്പ്രസ് കടന്നുപോയത്.

ബോള്‍ട്ടുകള്‍ നീക്കാന്‍ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലുമെടുക്കും. ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. പരിചയസമ്പന്നരായ ആളുകൾക്കു കൃത്യമായ ഉപകരണം ഉപയോഗിച്ചാല്‍ തന്നെ കുറഞ്ഞത് 25 മിനിറ്റോളമെടുക്കും അത് ചെയ്യാന്‍. എടുത്തുമാറ്റിയ ഫിഷ് പ്ലേറ്റുകള്‍ അടുത്തുള്ള ട്രാക്കുകളില്‍ കിടക്കുന്നത് കണ്ടെന്ന് മറ്റു ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാരും പറഞ്ഞതോടെ സംഭവസ്ഥലത്തുള്ളവര്‍ തന്നെയാണ് ചെയ്തതെന്ന് അന്വേഷണം സംഘം ഉറപ്പിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Similar Posts