
കൂട്ടബലാത്സംഗക്കേസ് ഒതുക്കാൻ രണ്ട് ലക്ഷം രൂപ കൈക്കൂലി; ലഖ്നൗ എസ്ഐ അറസ്റ്റിൽ
|കേസിൽ നിന്നും പ്രതിയെ ഒഴിവാക്കുന്നതിന് പകരമായി കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം
ലഖ്നൗ: കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിൽ. ലഖ്‌നൗ സബ് ഇൻസ്‌പെക്ടർ ധനഞ്ജയ് സിങ്ങിനെയാണ് അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയത്. കേസിൽ നിന്നും പ്രതിയെ ഒഴിവാക്കുന്നതിന് പകരമായി കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
മഹാനഗർ പൊലീസ് സ്റ്റേഷന് കീഴിലുള്ള പേപ്പർ മിൽ കോളനി പൊലീസ് ഔട്ട്‌പോസ്റ്റിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു ഓപ്പറേഷൻ നടന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, സബ് ഇൻസ്‌പെക്ടർ പ്രതിയായ പ്രതീക് ഗുപ്തയോട് 500 രൂപയുടെ നാല് കെട്ടുകൾ ഒരു ഫയലിൽ വയ്ക്കാൻ ആവശ്യപ്പെടുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ അഴിമതി വിരുദ്ധ സംഘം മുറിയിൽ കയറി അയാളെ പിടികൂടുകയായിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കാൻ സിങ് ഗുപ്തയോട് 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ട് ലക്ഷം മതിയെന്ന ധാരണയിലെത്തുകയായിരുന്നു. ഗുപ്ത അഴിമതി വിരുദ്ധ ബ്യൂറോയിൽ രേഖാമൂലം പരാതി നൽകിയതിനെ തുടർന്നാണ് കെണി ഒരുക്കിയത്.അലിഗഞ്ച് പൊലീസ് സ്റ്റേഷനിൽ അഴിമതി നിരോധന നിയമപ്രകാരം സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ട്.
ബ്രിട്ടീഷ് സ്കൂൾ ഓഫ് ലാംഗ്വേജ് ഉടമയായ പ്രതീക് ഗുപ്തയ്‌ക്കെതിരെ 2025-ൽ അദ്ദേഹത്തിന്റെ മുൻ ജീവനക്കാരി ഫയൽ ചെയ്ത കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ടതാണ് കേസ്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം കേസ് കെട്ടിച്ചമച്ചതാണെന്ന് ഗുപ്ത അവകാശപ്പെട്ടു. അന്വേഷണത്തിൽ ബലാത്സംഗത്തിന് തെളിവൊന്നും പൊലീസിന് ലഭിച്ചില്ലെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഈ മാസം ആദ്യം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
കൂടുതൽ അന്വേഷണത്തിലൂടെ ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാണോ അതോ ഇത്തരം കൈക്കൂലി ഇടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ഒരു വലിയ ശൃംഖലയുടെ ഭാഗമാണോ പ്രവർത്തിച്ചതെന്ന് കണ്ടെത്താനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
क़ानून जेब में और नोट फ़ाइल में…
— Mamta Tripathi (@MamtaTripathi80) October 30, 2025
ये हाल है यूपी की राजधानी लखनऊ पुलिस का…#SI धनंजय सिंह 2 लाख की घूस लेते गिरफ़्तार हुआ…बलात्कार जैसे संवेदनशील मामले में मांडवली कर रहा था…शर्मनाक !!! pic.twitter.com/6PGnDGwIlo