< Back
India
കാൻസർ ചികിത്സയ്ക്കായി ചാണകവും ഗോമൂത്രവും; ഗവേഷണത്തിനായി സർക്കാർ അനുവദിച്ച തുകയിൽ കോടികളുടെ അഴിമതി
India

'കാൻസർ ചികിത്സയ്ക്കായി ചാണകവും ഗോമൂത്രവും'; ഗവേഷണത്തിനായി സർക്കാർ അനുവദിച്ച തുകയിൽ കോടികളുടെ അഴിമതി

ലാൽകുമാർ
|
11 Jan 2026 4:38 PM IST

15 വര്‍ഷത്തോളമായിട്ടും ഗവേഷണത്തിന്റ ഫലം പോലും പുറത്തുവിട്ടില്ല

ജബൽപൂർ: മധ്യപ്രദേശിൽ കാൻസർ ചികിത്സിക്കാൻ മരുന്നു കണ്ടെത്തുന്നതിനായി ചെലവഴിച്ച തുകയിൽ വൻ അഴിമതി നടന്നതായി കണ്ടെത്തൽ. ചാണകം, ഗോമൂത്രം, പാൽ എന്നിവ ഉപയോഗിച്ചുള്ള ഗവേഷണം നടത്തുന്നതിനായ് ചെലവഴിച്ച തുകയിലാണ് അഴിമതി. നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാലയിൽ ആരംഭിച്ച ​ഗവേഷണത്തിനാണ് 2011ല്‍ 8 കോടി രൂപയുടെ പദ്ധതി മുന്നോട്ട് വച്ചത്.

ഗവേഷണ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന പരാതിയെത്തുടർന്ന് ജബൽപൂർ കളക്ടർ രാഘവേന്ദ്ര സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനായി അഡീഷണൽ കളക്ടർ ആർ.എസ് മറാവിയുടെ നേതൃത്വത്തിൽ രണ്ടംഗ സമിതി രൂപീകരിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ, പദ്ധതിയുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ഗവേഷണ പണം ചെലവഴിച്ചതായി കണ്ടെത്തി. ഗവേഷണവുമായി ബന്ധപ്പെട്ട ടൂറുകൾക്ക് തെളിവുകളൊന്നുമില്ലെങ്കിലും വിമാന യാത്രയ്ക്കായി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചതായും കണ്ടെത്തൽ. ഗവേഷണ മേധാവിയിൽ നിന്ന് കാർ വാങ്ങി, വാഹന അറ്റകുറ്റപ്പണികൾക്കും, പെട്രോളിനും, ഡീസലിനും ഏകദേശം 15 ലക്ഷം രൂപ ചെലവഴിച്ചു.

ഗോബർ, ഗോമൂത്രം, പാൽ എന്നിവ ഉപയോഗിച്ച് കാൻസർ ചികിത്സിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനായി സംസ്ഥാന സർക്കാർ 3.5 കോടി രൂപയാണ് അനുവദിച്ചത്. 2011ലാണ് പഞ്ചഗവ്യ എന്ന് പേരിട്ട ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ ഇതുവരെയായി ഗവേഷണങ്ങളിൽ കാര്യമായൊന്നും കണ്ടെത്താനായില്ല.

അസംസ്കൃത വസ്തുക്കൾക്കും യന്ത്രങ്ങൾക്കുമായി ഏകദേശം 1.75 കോടി രൂപ ചെലവഴിച്ചുവെന്നും നിലവിലുള്ള വിപണി വിലയേക്കാൾ പലമടങ്ങ് ഉയർന്ന നിരക്കിൽ ഇവ വാങ്ങിയെന്നും ആർ.എസ് മറാവി പറഞ്ഞു.

ഫർണിച്ചറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമായി 15 ലക്ഷം രൂപ ചെലവഴിച്ചു. കൂടാതെ അഞ്ച് ലക്ഷം രൂപ വേറെയും ചെലവാക്കി. അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചതായും തുടർനടപടികൾ ഭരണതലത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2018 ൽ ഗവേഷണ പരിപാടി അവസാനിച്ചുവെന്ന് സർവകലാശാല വൈസ് ചാൻസലർ മൻദീപ് ശർമ്മ പറഞ്ഞു. സാങ്കേതിക, സാമ്പത്തിക രേഖകൾ ആ സമയത്ത് അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Similar Posts