< Back
India
സംസ്കൃതശ്ലോകം ചൊല്ലിയ വിദ്യാർഥികളോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ട അധ്യാപികക്കെതി​രെ കേസ്
India

സംസ്കൃതശ്ലോകം ചൊല്ലിയ വിദ്യാർഥികളോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ട അധ്യാപികക്കെതി​രെ കേസ്

Web Desk
|
25 July 2024 7:41 PM IST

മതവികാരങ്ങളെ ​വ്രണപ്പെടുത്തിയെന്നാരോപിച്ച് എ.ബി.വി.പി നൽകിയ പരാതിയിലാണ് സിസ്റ്റർ കാതറിൻ വട്ടോളിക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്

ഗുണ: സംസ്കൃത ​ശ്ലോകം ചൊല്ലിയ വിദ്യാർഥിനികളോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെട്ട മധ്യപ്രദേശിലെ കോൺവെന്റ് സ്കൂൾ പ്രിൻസിപ്പലിനെതിരെ ​കേസെടുത്ത് പൊലീസ്. വന്ദന കോൺവെന്റ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ കാതറിൻ വട്ടോളിക്കെതിരെയാണ് എ.ബി.വി.പി പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. മതവിശ്വാസങ്ങളെ അവഹേളിച്ചു, മതവികാരങ്ങളെ ​വ്രണപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 15 ന് സ്കൂളിലെത്തിയ വിദ്യാർഥികൾ രാവിലെ സംസ്കൃത​​ ശ്ലോകം ചൊല്ലാൻ തുടങ്ങിയപ്പോൾ സിസ്റ്റർ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുട്ടികളിൽ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തതായി എ.ബി.വി.പി നേതാവ് ദുബെ നൽകിയ പരാതിയിൽ പറയുന്നു.

സംസ്കൃത ശ്ലോകം ചൊല്ലാൻ അനുവദിക്കാത്തതും ഇംഗ്ലീഷിൽ സംസാരിച്ചാൽ നിർബന്ധിച്ചതും ഹൈന്ദവ മതവികാരത്തെ വ്രണപ്പെടുത്തി. അധ്യാപികയിൽ നിന്ന് വിദ്യാർത്ഥികൾക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു.

ഇതിന് പിന്നാലെ എ.ബി.വി.പി ​പ്രവർത്തകർ സ്കൂളിലേക്ക് മാർച്ചും നടത്തി. മാർച്ചിനിടയിൽ സിസ്റ്റർ കാതറിൻ മൈക്കിലൂടെ മാപ്പ് പറഞ്ഞു. ഇംഗ്ലീഷിൽ മാത്രം സംസാരിക്കേണ്ട ദിവസമായതുകൊണ്ടാണ് തടഞ്ഞത്. ആരുടെയെങ്കിലും മതവികാരങ്ങൾ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അധ്യാപിക പറഞ്ഞു.

Similar Posts