< Back
India
തമിഴ് മാസിക വികടന്റെ വിലക്ക് നീക്കണം; കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി
India

തമിഴ് മാസിക വികടന്റെ വിലക്ക് നീക്കണം; കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി

Web Desk
|
6 March 2025 8:06 PM IST

ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വികട​ൻ പ്രസിദ്ധീകരിച്ച മുഖചിത്രം

ചെന്നൈ: പ്രമുഖ തമിഴ് മാസിക വികടന്റെ വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഭരത ചക്രവര്‍ത്തി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്രത്തിന് പിന്നാലെയാണ് തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ വിലക്കിയത്. കാർട്ടൂൺ താത്കാലികമായി നീക്കണമെന്ന് കോടതി നിർദേശം നൽകി.

കാർട്ടൂൺ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്നത് കോടതി വിശദമായി പരിശോധിക്കും അതിൽ തീരുമാനമാകും വരെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കാർട്ടൂൺ രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതായി തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വികട​ൻ പ്രസിദ്ധീകരിച്ച മുഖചിത്രം.

വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കും. അതിനാൽ തന്നെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആര്‍.എല്‍ സുന്ദരേശന്‍ വാദിച്ചത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും അമേരിക്കയുമായുള്ള രാജ്യത്തിന്റെ സൗഹൃദ ബന്ധത്തെയും കാര്‍ട്ടൂണ്‍ ബാധിക്കുന്നില്ലെന്ന് വികടന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയ് നാരായണ്‍ പറഞ്ഞു.

കാർട്ടൂൺ നീക്കിയതിന് ശേഷം വാരിക കേന്ദ്രത്തെ അറിയിക്കണം അതിന് ശേഷം മാത്രമായിരിക്കും വെബ്സൈറ്റ് പുനഃസ്ഥാപിക്കുകയെന്ന് കോടതി വ്യക്തമാക്കി. മാർച്ച് 21ന് വീണ്ടും കേസ് പരിഗണിക്കും.

Similar Posts