< Back
India
ബിയോണ്ട് ദി ഫെയറിടെയിൽ വിവാദം: നയൻതാരക്കെതിരായ ധനുഷിന്റെ ഹരജി റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം തള്ളി കോടതി
India

'ബിയോണ്ട് ദി ഫെയറിടെയിൽ' വിവാദം: നയൻതാരക്കെതിരായ ധനുഷിന്റെ ഹരജി റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം തള്ളി കോടതി

Web Desk
|
28 Jan 2025 5:28 PM IST

ധനുഷിന്റെ ഹരജി അടുത്ത മാസം അഞ്ചിന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

ചെന്നൈ: നയൻതാരയുടെ 'ബിയോണ്ട് ദി ഫെയറിടെയിൽ' ഡോക്യൂമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സിന് തിരിച്ചടി. നയൻതാരയ്ക്ക് എതിരെ ധനുഷ് നല്‍കിയ പകര്‍പ്പവകാശലംഘന ഹരജി റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ധനുഷിന്റെ ഹരജി അടുത്ത മാസം അഞ്ചിന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഡോക്യുമെൻ്ററിയിൽ 'നാനും റൗഡി താൻ' എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് എതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യന്‍ ഘടകമായ ലോസ് ഗറ്റോസ്, നയൻ‌താര, ഭർത്താവ് വിഘ്നേഷ് ശിവൻ, വിഘ്‌നേഷിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് ഹർജി നൽകിയത്. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്ന് ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് ഫയൽ ചെയ്ത ഹരജിയില്‍ പറയുന്നു.

നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള കേസ് തള്ളണമെന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ ആവശ്യം. കഴിഞ്ഞ നവംബറിലാണ് ധനുഷ് നയൻതാരക്കെതിരെ കോടതിയെ സമീപിച്ചത്. നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കുമെതിരെ 10 കോടി രൂപയുടെ പകർപ്പവകാശ കേസാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.‌ നവംബർ 18നാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.

റിലീസിന് മുമ്പ്, നാനും റൗഡി ധാൻ സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഉപയോഗിക്കാൻ ധനുഷ് എൻഒസി (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകിയില്ലെന്ന് കാണിച്ച് നയൻതാര ധനുഷിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതിയിരുന്നു.

Similar Posts