
Photo | NDTV
ലഡാക്ക് വെടിവെപ്പ്; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
|എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
ലഡാക്ക്: ലഡാക്ക് സംഘർഷത്തിനിടെ നാലുപേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. ലഡാക്ക് ഭരണകൂടമാണ് അന്വേഷണം പ്രഖ്യാപിച്ചത്. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സംഘർഷവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ആത്മരക്ഷാർഥം വെടിയുതിർത്തതാണെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികളടക്കം വിമർശിച്ച് രംഗത്തെത്തി. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങളുന്നയിച്ച് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നിരാഹാരത്തിലുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിലാണ് പൊലീസ് വെടിയുതിർത്തത്. സോനം വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നടക്കമുള്ള ആരോപണങ്ങൾ പൊലീസും ലഡാക്ക് ഭരണകൂടവുമുന്നയിച്ചിരുന്നു.
അതിനിടെ ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 26 പേരെ വിട്ടയച്ചു. പ്രതിഷേധങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. ലേ അപെക്സ് ബോഡി ചർച്ചകളിൽ നിന്ന് പിൻമാറും എന്ന് പറഞ്ഞതിന് പിന്നാലെയാണ് പുതിയ നീക്കം.