< Back
India
Harshvardhan Patil
India

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ശരത് പവാറിന്‍റെ എന്‍സിപിയിലേക്ക്

Web Desk
|
4 Oct 2024 3:53 PM IST

പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് പാട്ടീൽ ബിജെപി വിടാനുള്ള തീരുമാനം അനുഭാവികളെ അറിയിച്ചത്

ഇന്ദാപൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മഹരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധന്‍ പാട്ടീൽ ശരത് പവാറിന്‍റെ എന്‍സിപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് പാട്ടീൽ ബിജെപി വിടാനുള്ള തീരുമാനം അനുഭാവികളെ അറിയിച്ചത്.

“കഴിഞ്ഞ രണ്ട് മാസമായി ഞാൻ ഇന്ദാപൂർ നിയോജക മണ്ഡലത്തിലുടനീളം സഞ്ചരിക്കുകയും വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ കാണുകയും ചെയ്യുന്നു. ഒരു കാര്യം വ്യക്തമാണ്, ഞാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു'' പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൂനെയിലെ ഇന്ദാപൂർ മണ്ഡലത്തിൽ നിന്ന് എൻസിപി നിയമസഭാംഗമായ ദത്തമാമ ഭാർനെയ്‌ക്കെതിരെ അദ്ദേഹം മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നാഷണൽ ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് ഷുഗർ ഫാക്ടറികളുടെ ചെയർമാന്‍ കൂടിയായ പാട്ടീൽ നാല് തവണ ഇന്ദാപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ദാപൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തിൽ ഉറച്ച നിലപാട് സ്വീകരിക്കാത്തതിൽ ബിജെപിയിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് ഒരു നേതാവ് പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ഇന്ദാപൂരിൽ നടക്കുന്ന റാലിയിൽ അദ്ദേഹം എൻസിപി(എസ്പി)യിൽ ചേരുമെന്ന് അനുയായികൾ അറിയിച്ചു.മുൻ പൂനെ ജില്ലാ പരിഷത്ത് അംഗമായ പാട്ടീലിൻ്റെ മകൾ അങ്കിത പാട്ടീലും ശരദ് പവാർ വിഭാഗത്തിൽ ചേരുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 2019ലാണ് പാട്ടീല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Similar Posts