
Representational Image
ചിക്കൻ കറി ആവശ്യപ്പെട്ടതിന് ഏഴ് വയസുകാരനെ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റിൽ
|ചിൻമയിന്‍റെ പത്ത് വയസുകാരൻ സഹോദരിയെയും യുവതി ചപ്പാത്തിക്കോൽ കൊണ്ട് ആക്രമിച്ചിരുന്നു
പാൽഘര്‍: ചിക്കൻ കറി ഉണ്ടാക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതയായ അമ്മ ഏഴ് വയസുകാരനെ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ ധൻസാർ ഗ്രാമത്തിലാണ് ഈ ദാരുണസംഭവം. ചിൻമയ് ധുംഡെ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
ചിക്കൻ വേണമെന്ന് ആവശ്യപ്പെട്ട കുട്ടിയെ ചപ്പാത്തിക്കോൽ ഉപയോഗിച്ച് അമ്മ ആവര്‍ത്തിച്ച് ആക്രമിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റു. എന്നാൽ ഇതു കണ്ടിട്ടും മകനെ ആശുപത്രിയിലെത്തിക്കാൻ യുവതി തയ്യാറായില്ല. തുടര്‍ന്ന് കുട്ടി വീട്ടിൽ വച്ച് തന്നെ മരണമടയുകയായിരുന്നു.
സംഭവമറിഞ്ഞ അയൽക്കാരൻ സ്ഥലത്തെത്തിയപ്പോൾ ഒരു ഷീറ്റ് കൊണ്ട് മൂടിയ നിലയിൽ മൃതദേഹം നിലത്ത് കിടക്കുന്നതാണ് കണ്ടത്. കാരണം ചോദിച്ചപ്പോൾ മകൻ മഞ്ഞപ്പിത്തം മൂലമാണ് മരിച്ചതെന്ന് യുവതി പറഞ്ഞു. സംശയം തോന്നിയ അയൽക്കാരൻ ഷീറ്റ് ഉയര്‍ത്തി നോക്കിയപ്പോൾ കുട്ടിയുടെ നെഞ്ചിലും പുറകിലും മുഖത്തും ഒന്നിലധികം മുറിവുകൾ കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അമ്മയെ അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് ഉപയോഗിച്ച ചപ്പാത്തിക്കോൽ കണ്ടെടുക്കുകയും ചെയ്തു.
ചിൻമയിന്‍റെ പത്ത് വയസുകാരൻ സഹോദരിയെയും യുവതി ചപ്പാത്തിക്കോൽ കൊണ്ട് ആക്രമിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ പെൺകുട്ടിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ ഹാനുവിലെ ഒരു ആശ്രമത്തിലേക്ക് മാറ്റി. ഭര്‍ത്താവിൽ നിന്ന് വേര്‍പിരിഞ്ഞ് സഹോദരിമാര്‍ക്കൊപ്പം താമസിക്കുകയായിരുന്നു യുവതി. അമ്മ കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.