< Back
India
രണ്ട് ഏക്കറിലെ കൃഷി കനത്തമഴയിൽ നശിച്ചു;    നഷ്ടപരിഹാരമായി മഹാരാഷ്ട്രയിലെ കര്‍ഷകന്  കിട്ടിയത് വെറും ആറുരൂപ!

Representative image

India

രണ്ട് ഏക്കറിലെ കൃഷി കനത്തമഴയിൽ നശിച്ചു; നഷ്ടപരിഹാരമായി മഹാരാഷ്ട്രയിലെ കര്‍ഷകന് കിട്ടിയത് വെറും ആറുരൂപ!

Web Desk
|
7 Nov 2025 12:47 PM IST

'സഹായം' ലഭിച്ച കർഷകർ പിന്നീട് ജില്ലാ കലക്ടറുടെ ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെക്കുകൾ വഴി തുക തിരികെ നൽകുകയും ചെയ്തു

ഛത്രപതി സംഭാജിനഗർ: കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചതിന് സർക്കാറിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചത് വെറും ആറുരൂപയെന്ന് കർഷകർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഒരു കർഷകനാണ് സർക്കാറിനെതിരെ രംഗത്തെത്തിയത്.പൈത്താൻ താലൂക്കിലെ ദാവർവാഡി ഗ്രാമത്തിലെ താമസക്കാരനായ ദിഗംബർ സുധാകർ താങ്ഡെയാണ് പരാതിയുമായി രംഗത്തെത്തിയത്.

ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ പൈത്താനിലെ നന്ദർ ഗ്രാമത്തിൽ കര്‍ഷകരുമായി സംവദിക്കാന്‍ എത്തുന്നുണ്ടായിരുന്നു.ഇതിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു താങ്ഡെ. അകോല ജില്ലയിലെ ചില ഗ്രാമങ്ങളിലെ കർഷകർക്ക് കനത്ത മഴയെത്തുടർന്ന് ഉണ്ടായ വിളനാശത്തിന് കേന്ദ്ര ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരമായി മൂന്ന് രൂപയും 21 രൂപയും മാത്രമാണ് ലഭിച്ചതെന്നും കർഷകർ പറയുന്നു. തങ്ങളെ അപമാനിക്കുന്നതിനും പരിഹസിക്കുന്നതിനും തുല്യമാണ് ഇതെന്നായിരുന്നു കർഷകരുടെ പ്രതികരണം.

പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) പ്രകാരമാണ് സഹായം വിതരണം ചെയ്തത്.'സഹായം' ലഭിച്ച കർഷകർ പിന്നീട് ജില്ലാ കലക്ടറുടെ ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെക്കുകൾ വഴി തുക തിരികെ നൽകുകയും ചെയ്തു.'എനിക്ക് രണ്ട് ഏക്കർ ഭൂമി മാത്രമേയുള്ളൂ. എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആറ് രൂപ ക്രെഡിറ്റ് ചെയ്തതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഇത്രയും കുറച്ച് പണം നൽകിയതിൽ സർക്കാറിന് ലജ്ജയില്ലേ. ഈ തുക കൊണ്ട് ഒരു കപ്പ് ചായ വാങ്ങാൻ പോലും തികയില്ല.കർഷകരെ വെച്ച് സർക്കാർ തമാശ കളിക്കുകയാണ്' ടാങ്ഡെ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.ഞങ്ങളുടെ വായ്പ എഴുതിത്തള്ളണം. ഞങ്ങൾക്ക് രാഷ്ട്രീയമില്ല. മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഭരണകാലത്ത് വായ്പ എഴുതിത്തള്ളിയിരുന്നു.ഈ സർക്കാറും നേരത്തെ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.പക്ഷേ ഒന്നും ചെയ്തില്ല'..അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി ആളുകൾ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്. അതിനിടയിലാണ് ഇത്തരം തുകകൾ അയക്കുന്നത്.ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് മറാത്ത് വാഡ മേഖലയിലെ ചില ജില്ലകളിലെ കർഷകർക്ക് വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു.തുടർന്ന് കർഷകർക്കായി കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ 31,628 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Similar Posts