< Back
India
maharashtra marathi
India

‘ഒന്നാം ക്ലാസ്​ മുതൽ ഹിന്ദി പഠിപ്പിക്കേണ്ട’; എതിർപ്പറിയിച്ച്​ മഹാരാഷ്ട്ര ഭാഷാ ഉപദേശക സമിതി

Web Desk
|
21 April 2025 11:10 AM IST

ഹിന്ദി പഠിപ്പിക്കാനുള്ള സർക്കാർ നിർദേശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു

മുംബൈ : ഒന്നാം ക്ലാസ് മുതൽ അഞ്ച്​ വരെ ഹിന്ദി നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്ന് മഹാരാഷ്ട്ര ഭാഷാ ഉപദേശക സമിതി. സർക്കാരിന്റെ തീരുമാനം വിദ്യാഭ്യാസപരമായി ന്യായീകരിക്കാനാവില്ലെന്നും കുട്ടികളുടെ മാനസിക നിലയെ പരിപോഷിപ്പിക്കുന്നതല്ലെന്നും സമിതി വിലയിരുത്തി. 'ഇത് അശാസ്ത്രീയവും വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും' -സമിതി മുഖ്യമന്ത്രിക്കയച്ച കത്തിൽ സൂചിപ്പിച്ചു.

പന്ത്രണ്ടാം ക്ലാസ് വരെ മറാത്തിയുൾപ്പടെ രണ്ട് ഭാഷകൾ മാത്രം നിർബന്ധമാക്കിയാൽ മതിയെന്നാണ് സമിതിയുടെ ശുപാർശ. ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കും മുമ്പ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തങ്ങളുമായി ചർച്ച ചെയ്യണമായിരുന്നുവെന്നും സമിതി കൂട്ടിച്ചേർത്തു. പ്രഫസർമാരും ഭാഷ മേഖലയിലെ പ്രമുഖരും ഉൾപ്പെടുന്നതാണ് ഭാഷാ ഉപദേശക സമിതി.

പുതിയ വിദ്യാഭ്യാസ നയം പ്രകാരം മൂന്നാം ഭാഷ നടപ്പാക്കാനൊരുങ്ങിയ സംസ്ഥാനമായിരുന്നു മഹാരഷ്ട്ര. ഇതിനെതിരെ ശിവ സേന (യുബിടി), എംഎൻഎസ് തുടങ്ങി നിരവധി പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നിരുന്നു.

അതേസമയം, ഈ വിഷയത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നും മറാത്തിക്ക് പകരമല്ല ഹിന്ദി നിർബന്ധമാക്കുന്നതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ‘പുതിയ വിദ്യാഭ്യാസ നയപ്രകാരം മൂന്ന് ഭാഷകൾ പഠിക്കാൻ അവസരമുണ്ട്. ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷയാവണമെന്നും നിർബന്ധമുണ്ട്. ഹിന്ദി, തമിഴ്, ഗുജറാത്തി, മലയാളം എന്നിവക്ക് പുറമെ മറ്റേത് ഭാഷയും എടുക്കുവാനും സാധിക്കില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ അത്ഭുതപ്പെട്ടത് മറ്റൊരു കാര്യം കണ്ടിട്ടാണ്. ഹിന്ദിയെ എതിർക്കുന്നവരിലും ഭൂരിപക്ഷവും ഇംഗ്ലീഷിനെ വാഴ്ത്തുന്നു. അവർക്കെങ്ങനെ ഇംഗ്ലീഷിനെ ചേർത്തുപിടിക്കാനും ഒരു ഇന്ത്യൻ ഭാഷയെ അകറ്റിനിർത്തുവാനും സാധിക്കുന്നു ? നാം ഇതിനെ പറ്റി കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു’ -മുഖ്യമന്ത്രി പറഞ്ഞു.

Related Tags :
Similar Posts