
ആർഎസ്എസ് നിരോധനം: പ്രിയങ്ക് ഖാർഗെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
|പ്രിയങ്ക് ഖാർഗെ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തനിക്ക് ധാരാളം ഭീഷണി സന്ദേശങ്ങൾ വരുന്നതായി അറിയിച്ചിരുന്നു
ബംഗളൂരു: കർണാടക ഗ്രാമവികസന പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ ദാനപ്പ നരോണിനെയാണ് കർണാടക പൊലീസ് പിടികൂടിയത്.
സർക്കാർ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ 'ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ്' എന്ന് ഖാർഗെ കത്തിൽ വാദിച്ചിരുന്നു. കത്ത് പരസ്യമായതിന് പിന്നാലെയാണ് മന്ത്രിക്ക് ഫോണിൽ വധഭീഷണി എത്തിയത്. വിളിച്ചയാൾ ഖാർഗെയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രിയങ്ക് ഖാർഗെ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തനിക്ക് ധാരാളം ഭീഷണി സന്ദേശങ്ങൾ വരുന്നതായി അറിയിച്ചിരുന്നു. ''യുവാക്കളുടെയും കുട്ടികളുടെയും മനസ്സിൽ മാലിന്യം നിറയ്ക്കാൻ ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് ഞാൻ പറഞ്ഞു. ആ മാലിന്യം എങ്ങനെയിരിക്കും എന്നതിന്റെ ഒരു ചെറിയ സാമ്പിൾ ഇതാ...'' ഒരു ഓഡിയോ ക്ലിപ് പങ്കുവെച്ചുകൊണ്ട് പ്രിയങ്ക് ഖാർഗെ കുറിച്ചു.
പ്രതിയായ ദാനപ്പ മഹാരാഷ്ട്ര സോലാപൂർ സ്വദേശിയാണ്. ലത്തൂരിൽവെച്ചാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് ദാനപ്പയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സമാനമായ മറ്റു കേസുകൾ നിലവിലുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിസിപി അക്ഷയ് എച്ച് മചീന്ദ്ര പറഞ്ഞു.